മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡ് നിർമാണസ്ഥലം സജി ചെറിയാൻ എംഎൽഎ സന്ദർശിക്കുന്നു.
മാന്നാർ: കാൽ നൂറ്റാണ്ടിലേറെയായി ഒരു റോഡിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനൊടുവിൽ മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡ് നിർമാണം തുടങ്ങി. സജി ചെറിയാൻ എംഎൽഎ സ്ഥലം സന്ദർശിച്ചു.
മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിലുടെ കടന്നുപോകുന്ന റോഡാണ് പാവുക്കര മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡ്. മാന്നാർ-വളക്കാലി റോഡിന് സമാന്തരമായി പോകുന്ന റോഡാണിത്. കാർഷികമേഖലയ്ക്ക് ഏറെ ഗുണകരമാകുന്ന റോഡ് നിർമാണം തുടങ്ങിയപ്പോൾ ഒരു പ്രദേശത്തിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുകയാണ്. സജി ചെറിയാൻ എംഎൽഎ മുൻകൈയെടുത്താണ് റോഡ് നിർമാണത്തിനായി നടപടികൾ സ്വീകരിച്ചത്.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 19.23 കോടി രൂപയാണ് റോഡിന്റെ നിർമാണത്തിനായി അനുവദിച്ചത്. കുറെ പണികൾ ചെയ്തശേഷം ആദ്യം കരാർ ഏറ്റെടുത്ത കമ്പനി കൈയൊഴിഞ്ഞതിനെത്തുടർന്ന് നിർമാണം അനിശ്ചിതത്വത്തിലായി. തുടർന്ന് മുർത്തിട്ട മുക്കാത്താരി റോഡിന്റെ നിർമാണത്തിനായി പുതിയ കരാറുകൾ നൽകി.
കരാർ പിന്നീട് ഏറ്റെടുത്തത് ഊരാളുങ്കൽ സൊസൈറ്റിയാണ് 4.5 കിലോമീറ്ററുള്ള മൂർത്തി ട്ട-മുക്കാത്താരി ബണ്ട് റോഡ് വീതികുട്ടി ഇരുവശവും സംരക്ഷണ ഭിത്തികെട്ടി കോൺക്രീറ്റ് ചെയ്യാനാണ് കരാർ എടുത്തത്.
എന്നാൽ, വിവിധ കാരണങ്ങളാൽ മാന്നാർ പാവുക്കര മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിന്റെ പുനർനിർമാണം മാസങ്ങളായി നിലച്ചു കിടക്കുകയായിരുന്നു. ഇതിനെത്തുടർന്ന് നിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രതിനിധികൾ സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും നിലച്ചുകിടന്ന സംരക്ഷണഭിത്തി നിർമാണത്തിന് നടപടികൾ കൈകൊള്ളുകയായിരുന്നു.
നിർമാണത്തിന്റെ ഭാഗമായി ബണ്ട് റോഡിന്റെ വശങ്ങളിൽ സംരക്ഷണഭിത്തികെട്ടുന്ന പണികളാണ് ആദ്യഘട്ടമായി മൂർത്തിട്ട ഭാഗത്തുനിന്നാരംഭിച്ചത്. നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുമെന്ന് സജി ചെറിയാൻ പറഞ്ഞു.
Tags :