കോട്ടയം: തുലാവര്‍ഷമെത്തിയതോടെ വൈകുന്നേരങ്ങളില്‍ തിമിര്‍ത്തു പെയ്യുന്ന മഴയ്ക്കൊപ്പം ഇടിയും മിന്നലും പതിവായി. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇടിമിന്നലേക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മനുഷ്യര്‍ക്കൊപ്പം മൃഗങ്ങള്‍ക്കും മിന്നലേല്‍ക്കാറുണ്ട്. ഗജരാജന്‍ പല്ലാട്ട് ബ്രഹ്മദത്തന് ഇടിമിന്നലില്‍ ചരിഞ്ഞതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. കാതടപ്പിക്കുന്ന കൂറ്റന്‍ ശബ്ദത്തോടെ ഇടിക്കൊപ്പമെത്തുന്ന മിന്നലുകള്‍ അപകടകാരികളാണ്.
മിന്നലും ഇടിമുഴക്കവും
ചൂടും ഈര്‍പ്പവുമുള്ള വായുമുകളിലേക്ക് ഉയര്‍ന്ന് മേഘമായി രൂപപ്പെടും. ഈ മേഘത്തിനുള്ളിലെ വായുപ്രവാഹം ജലത്തുള്ളികളെയും ഐസ് കണങ്ങളെയും മുകളിലേക്കും താഴേക്കും ചലിപ്പിക്കും. ഈ ചലനം മൂലം വൈദ്യുതി ഉണ്ടാവുകയും മേഘത്തിന്റെ അടിഭാഗത്ത് നെഗറ്റീവ് ചാര്‍ജും ഭൂമിയില്‍ പോസിറ്റീവ് ചാര്‍ജും രൂപപ്പെടും ഇവ തമ്മിലുള്ള ആകര്‍ഷണം വായുവിന്റെ പ്രതിരോധത്തെ മറികടക്കുമ്പോഴുണ്ടാകുന്ന വൈദ്യുതി പ്രവാഹമാണ് മിന്നല്‍. ഇതു കടന്നുപോകുന്ന വായുവിന്റെ താപനില പെട്ടെന്ന് ഏകദേശം 30,000 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. സൂര്യന്റെ ഉപരിതല താപനിലയേക്കാള്‍ അഞ്ചു മടങ്ങിലേറെ വരുമിത്. ഈ വായു പെട്ടെന്ന് ചൂടായി വികസിക്കുകയും അതിവേഗം ചുരുങ്ങുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബ്ദതരംഗമാണ് ഇടിമുഴക്കം.
മിന്നലും ഇടിമുഴക്കവും അന്തരീക്ഷത്തില്‍ ഒരേ സമയത്താണ് ഉണ്ടാകുന്നത്. വെളിച്ചത്തിന്റെ വേഗം ശബ്ദത്തിന്റെ വേഗത്തെക്കാള്‍ കൂടുതലായതിനാല്‍ മിന്നല്‍ ആദ്യം കാണും. ഇടിമുഴക്കം രണ്ടാമതും കേള്‍ക്കും. ഇടിയ്ക്കും മിന്നലിനും തുലാവര്‍ഷത്തില്‍ ശക്തി കൂടുതലാണ്. ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത് മുന്‍കാലങ്ങളെ അപേക്ഷിച്ചു മിന്നലിന്റെ എന്നിവയുടെ കാഠിന്യം വര്‍ധിച്ചുവരികയാണെന്നാണ്. തുലാവര്‍ഷത്തിന്റെ വരവോടെ പശ്ചിമഘട്ട മലനിരകളുടെ ചെരിവുകളില്‍ രൂപപ്പെടുന്ന കനത്ത കുമുലോനിംബസ് മേഘങ്ങളാണ് കോട്ടയത്തും സമീപ പ്രദേശങ്ങളിലും ഇടിമിന്നലിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഉച്ചയ്ക്കുശേഷമുള്ള ശക്തമായ ഇടിമിന്നലിനും പെട്ടെന്നുള്ള ശക്തമായ മഴയ്ക്കും പ്രധാന കാരണവും ഈ കൂമ്പാര മേഘങ്ങളാണ്.
കിഴക്കന്‍ മലയോര മേഖലയിലാണ് ഇടിമിന്നല്‍ ഭീഷണിയേറെയുള്ളത്. എല്‍നിനോ പ്രതിഭാസം ശക്തമാകുന്നതിനാല്‍ അന്തരീക്ഷത്തിലെ ചൂട് വര്‍ധിക്കുകയാണ്. പകല്‍ സമയ അനുഭവപ്പെടുന്ന ചൂടിന്റെ തോതിനെ ആശ്രയിച്ചാണ് വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ഇടിമിന്നലും മഴയും കാറ്റും ശക്തമാകുന്നത്. നിലവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഉച്ചകഴിഞ്ഞ് രണ്ടിനും രാത്രി ഏഴിനും ഇടയിലാണ് മിന്നല്‍ ശക്തമാകുന്നത്.
സമീപകാലത്തായി മൃഗങ്ങള്‍ക്കാണ് പെട്ടെന്ന് മിന്നലേല്‍ക്കുന്നത്. ശരീരത്തിലെ ഉയര്‍ന്ന ജലാംശവും വൈദ്യുത ചാലകതയും കാരണം വായുവിനേക്കാള്‍ എളുപ്പത്തില്‍ മൃഗങ്ങളുടെ ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കും.
ഇതിനൊപ്പം കാലുകള്‍ തമ്മിലുള്ള അകലവും കൂടിച്ചേരുമ്പോഴാണ് മൃഗങ്ങള്‍ക്ക് മാരകമായി മിന്നല്‍ ഏല്‍ക്കുന്നത്. മഴയോ മിന്നലോ ഉള്ളപ്പോള്‍ മൃഗങ്ങള്‍ വലിയ മരങ്ങളുടെ ചുവട്ടില്‍ അഭയം തേടും. ഇത് അപകടം വിളിച്ചുവരുത്തും. മൃഗങ്ങള്‍ കൂട്ടത്തോടെ നില്ക്കുന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാം.
Tags :