കോട്ടയം: പുതുയുഗപ്പിറവിയുമായി എത്തിയ വി.ഡി. സതീശന് സര്‍ക്കാര്‍ കന്നി ബജറ്റുമായി നാളെ നിയമസഭയിലെത്തുകയാണ്. ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി തന്നെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ധനകമ്മിയും വികസന പദ്ധതികളെ ബാധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും യുഡിഎഫിനു വലിയ ഭൂരിപക്ഷം നല്കിയ ജില്ലയ്ക്ക് വന്‍കിട ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുമെന്നാണു പ്രതീക്ഷ.
നെല്ല്, റബര്‍ കര്‍ഷകരും സാധാരണക്കാരും വലിയ പ്രതീക്ഷയിലാണ്. ടൂറിസം രംഗത്തും ഗതാഗത രംഗത്തും വലിയ പദ്ധതികള്‍ പ്രതീക്ഷിക്കുന്നുണ്ട്. മെഡിക്കല്‍ കോളജിലും എംജി യൂണിവേഴ്സിറ്റിയിലും പുതിയ പദ്ധതികളും പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. ശബരി റെയില്‍പാത, വിമാനത്താവളം എന്നിവയ്ക്കും തുക ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്.
കാര്‍ഷിക മേഖല
റബര്‍ കര്‍ഷകര്‍ ഏറെയുള്ള ജില്ലയാണു കോട്ടയം. റബറിന്റെ തറവില വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. പ്രത്യേകിച്ച് റബര്‍ സബ്സിഡി തുക ഉയര്‍ത്തുമോ എന്നുള്ളതാണ് കര്‍ഷകര്‍ ഉറ്റു നോക്കുന്ന മറ്റൊരു കാര്യം. നെല്ലുസംഭരണത്തിലെ പ്രശ്നങ്ങള്‍ക്കു പരിഹാരമായി റിവോള്‍വിംഗ് ഫണ്ടും ഏറ്റുമാനൂരില്‍ കാപ്കോസിന്റെ കീഴില്‍ നിര്‍മാണം ആരംഭിച്ച റൈസ് മില്‍ പദ്ധതിക്കുള്ള തുകയും ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍.
വന്യജീവി ആക്രമണം
ജില്ലയുടെ മലയോര മേഖലകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ നട്ടംതിരിയുകയാണു കര്‍ഷകര്‍. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക പദ്ധതിയും വന്യജീവി ആക്രമണങ്ങള്‍ക്കിരയാകുന്ന ആളുകള്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുമെന്നുള്ള പ്രതീക്ഷകളും മലയോര ജനതയ്ക്കുണ്ട്.
വിദ്യാഭ്യാസം
കോട്ടയത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ. എംജി യൂണിവേഴ്സിറ്റിയില്‍ നൂതന പദ്ധതികള്‍ക്കു പുറമേ കോഴായിലെ സയന്‍സ് സിറ്റിയുടെ പൂര്‍ത്തീകരണത്തിനായി സയന്‍സ് ആന്‍ഡ് ടെക്നോളജി ഫണ്ടില്‍നിന്നും ഒരു പ്രധാന വിഹിതം ജില്ല പ്രതീക്ഷിക്കുന്നുണ്ട്. പാമ്പാടി ശ്രീനിവാസ രാമാനുജന് ഇന്‍സ്റ്റിറ്റ്യൂട്ട്, തെക്കുംതല കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കും.
തൊഴില്‍
യുവതലമുറയുടെ വിദേശ കുടിയേറ്റത്തിനു പിന്നില്‍ തൊഴില്‍, വിദ്യാഭ്യാസ മേഖലയിലെ പിന്നാക്കാവസ്ഥയും സംരംഭകരോടുള്ള സമീപനവുമൊക്കെയാണെന്നുള്ള ആക്ഷേപമുണ്ട്. മധ്യമേഖലയില്നിന്നാണ് ഏറ്റവും അധികം കുടിയേറ്റം നടക്കുന്നത്. വിദേശ കുടിയേറ്റം കുറയ്ക്കുന്നതിനായി പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍, നൈപുണ്യ വികസന കേന്ദ്രങ്ങള്‍, റബര്‍-കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സ്വയം സംരംഭങ്ങള്‍ എന്നിവയ്ക്ക് പ്രോത്സാഹനം നല്കുന്ന പദ്ധതികളും പ്രതീക്ഷിക്കുന്നു.
ആരോഗ്യം
മെഡിക്കല്‍ കോളജിന്റെ ആധുനികവത്കരണം, സൂപ്പര്‍സ്പെഷാലിറ്റി സൗകര്യങ്ങള്‍, നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ പൂർത്തീകരണം തുടങ്ങിയ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ പ്രതീക്ഷിക്കുന്നു. കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍, പാലാ കെ.എം. മാണി മെമ്മോറിയല്‍ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലെ റേഡിയേഷന് ഓങ്കോളജി ബ്ലോക്ക്, കുട്ടികളുടെ ആശുപത്രി, പൂഞ്ഞാറില്‍ താലൂക്ക് ആശുപത്രി എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റ് വിഹിതമുണ്ടാകുമെന്ന് കരുതുന്നു.
ഗതാഗതം
എംസി റോഡ് നവീകരണം, കോട്ടയം ടൗണ്‍ വികസനം പ്രത്യേകിച്ച് കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാനായി തുടങ്ങി പാതിവഴിയിലായ ആകാശപ്പാത പദ്ധതിയുടെ പുനരുജ്ജീവനത്തിനായി എന്തെങ്കിലും ബജറ്റിലുണ്ടാകുമോയെന്നതും പ്രതീക്ഷയോടെ നോക്കുന്നതാണ്. മലയോര പാതകളുടെ വികസനവും നഗരത്തിലെ ബൈപാസ് പദ്ധതികള്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നവീകരണം, കോട്ടയം, ചങ്ങനാശേരി, പാലാ നഗരസഭകളിലെ പ്രധാന റോഡുകളുടെ തകര്‍ച്ച പരിഹരിക്കാന്‍ പ്രത്യേക വിഹിതം എന്നിവ പ്രതീക്ഷിക്കുന്നു.
ശബരി വിമാനത്താവളവും റെയില്‍പാതയും
എരുമേലി ശബരി വിമാനത്താവളം, ശബരി റെയില്‍പ്പാത എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കായി ബജറ്റില്‍ ഒരു തുക അനുവദിക്കുമെന്നുള്ള പ്രതീക്ഷയുമുണ്ട്.
ടൂറിസം
കുമരകത്തെ വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമായി ഹെലിപാഡ് നിര്‍മാണം, മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദി സംയോജനവും നവീകരണവും, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, വാഗമണ്‍, വൈക്കം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളുടെ വികസനവും അങ്ങോട്ടേക്കുള്ള ഗതാഗത സൗകര്യങ്ങളും വര്‍ധിപ്പിക്കുക എന്നതും ജില്ലയുടെ ആവശ്യമാണ്.