ഗതാഗതമന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ നിയമസഭയിലെ ഓഫിസിൽ ചേർന്ന യോഗം.
പാലക്കാട്: കെഎസ്ആർടിസി ടെർമിനലിന് കെട്ടിട നന്പർ ലഭ്യമാക്കുന്നതിലുള്ള നിലനിൽക്കുന്ന സാങ്കേതിക തടസങ്ങൾ പരിഹരിക്കുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
രമേഷ് പിഷാരടി എംഎൽഎയുടെ ആവശ്യത്തെത്തുടർന്ന് മന്ത്രിയുടെ നിയമസഭയിലുള്ള ഓഫിസിലാണ് യോഗം ചേർന്നത്. എംഎൽഎ ആസ്തി വികസന ഫണ്ട് പൂർണമായും വിനിയോഗിച്ച് നിർമിച്ച പാലക്കാട് കെഎസ്ആർടിസി ടെർമിനൽ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ട് വർഷങ്ങളായെങ്കിലും ഇതുവരെയും നഗരസഭ കെട്ടിട നന്പർ നൽകിയിട്ടില്ല.
ബസ് സ്റ്റാൻഡിൽ പാർക്കിംഗിനായി നിശ്ചയിച്ച സ്ഥലത്ത് അനധികൃതമായി കടകൾ പ്രവർത്തിക്കുന്നതാണ് കെട്ടിട നന്പർ ലഭിക്കുന്നതിന് പ്രധാന തടസമായതെന്ന് എംഎൽഎ ചൂണ്ടിക്കാണിച്ചു.
ചർച്ചകളുടെ ഫലമായി വ്യാപാരികൾ കടകൾ മാറ്റിസ്ഥാപിക്കാൻ സമ്മതം അറിയിച്ച കാര്യം രമേഷ് പിഷാരടി മന്ത്രിയെ ധരിപ്പിച്ചു. പുതിയ കെട്ടിടത്തിൽനിന്ന് മലിനജല സംസ്കരണ പ്ലാന്റിലേക്കുള്ള കണക്്ഷൻ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. രണ്ട് മാസത്തിനകം ടെർമിനലിന് കെട്ടിടനന്പർ ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ പരിഹരിച്ച് നടപടികൾ പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.
പാലക്കാട്- ബംഗളൂരു എസി സർവീസിന്റെ വിജയകരമായ പ്രവർത്തനം പരിഗണിച്ച് സർവീസിന് ഒരു അധിക ബസ് അനുവദിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ക്രിസ്മസ്- പുതുവത്സര അവധിക്കാലത്ത് പാലക്കാട് നഗരത്തിൽ ഉല്ലാസയാത്ര നടത്തുന്നതിന് ഒരു ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
യോഗത്തിൽ കെഎസ്ആർടിസി സിഎംഡി പ്രമോദ് ശങ്കർ, ഓപറേഷൻ എക്സിക്യുട്ടിവ് എൻജിനിയർ ജി.പി. പ്രദീപ്കുമാർ, അഡ്മിനിസ്ട്രേഷൻഎക്സിക്യുട്ടിവ് എൻജിനിയർ ഷറഫ് മുഹമ്മദ്, ചീഫ് ലോ ഓഫീസർ ഹെന, എസ്റ്റേറ്റ് ജനറൽ മാനേജർ ഉല്ലാസ് ബാബു, പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോണ് തുടങ്ങിയവർ പങ്കെടുത്തു.
Tags :