കോര്പറേഷന് ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദര്‍ശിച്ചപ്പോള്‍.
മാറഞ്ചേരി: തണ്ണീര്‍ത്തട സംരക്ഷണവും ജൈവവൈവിധ്യ പഠനവും വിനോദവും ഒരുടുകുടക്കീഴില് അണിനിരത്തി മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കോള്‍-ഓണ്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നു. ചേലക്കടവ് പ്രദേശത്ത് വിഭാവനം ചെയ്തിരിക്കുന്ന ഈ ആധുനിക കേന്ദ്രത്തില്‍ പ്ലാനറ്റേറിയവും ത്രിമാന ഹോളോഗ്രാം അനുഭവപഠന കേന്ദ്രങ്ങളും അടക്കമുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.
മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് രണ്ടരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പ്രായോഗിക സാധ്യതാ പഠനത്തിനായി കേരള ടൂറിസം ഡെവലപ്മെന്റ്് കോര്പറേഷന് ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദര്‍ശിച്ചു. പ്രകൃതിസംരക്ഷണത്തെ ജനങ്ങളുടെ ജീവിതവുമായി ബന്ധിപ്പിക്കുന്ന വ്യത്യസ്തമായ കാഴ്ചപ്പാടാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്. പ്രദേശവാസികള്‍ക്ക് വ്യായാമത്തിനും സായാഹ്ന വിശ്രമത്തിനുമുള്ള സൗകര്യങ്ങള്‍ക്കൊപ്പം പ്രാദേശിക ജനങ്ങള്‍ക്ക് പുതിയ വരുമാനമാര്‍ഗങ്ങളും സംരംഭകത്വ അവസരങ്ങളും ഇതുവഴി തുറക്കപ്പെടും.
വയോജന പാര്‍ക്ക്, ആംഫി തിയേറ്റര്‍, ഓപ്പണ്‍ ജിം, മൂന്ന് നിലകളുള്ള കോള്‍-ഓണ്‍ ഡിസ്കവറി സെന്റര്‍ കെട്ടിടം എന്നിവ ഒന്നാംഘട്ടത്തില്‍ സജ്ജീകരിക്കും.രണ്ടാംഘട്ടമായി കുമ്മിപ്പാലത്തേക്കും ഒളമ്പക്കടവിലേക്കും നീളുന്ന രണ്ടര കിലോമീറ്റര്‍ ബണ്ട് നവീകരിച്ച് നടപ്പാതയും സൈക്കിളിംഗ് പാത്തും ഒരുക്കാനാണ് തീരുമാനം.സോളാര്‍ ബോട്ട് സര്‍വീസും ഉത്തരവാദിത്ത ടൂറിസം പദ്ധതികളും മൂന്നാംഘട്ടത്തില്‍ നടപ്പാക്കും. പ്രകൃതി പൈതൃകം സംരക്ഷിച്ച് ജനജീവിതത്തിന് ആശ്വാസമാകുന്ന വിശദമായ പദ്ധതി രേഖ തയാറാക്കി സര്‍ക്കാരില്‍നിന്ന് ഫണ്ട് ലഭ്യമാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത് പറഞ്ഞു.
Tags :