ദേവസ്വംകരി പാടശേഖരത്തിൽ നടന്ന ജൈവ നെൽകൃഷി കൊയ്ത്തുത്സവം.
ആലപ്പുഴ: ജൈവകൃഷിയുടെ പ്രാധാന്യം വിളിച്ചോതി ആലപ്പുഴ ജില്ലയിലെ പള്ളാത്തുരുത്തി കളർകോഡ് വാർഡിലെ ദേവസ്വംകരി പാടശേഖരത്തിൽ കൊയ്ത്തുത്സവം നടന്നു. കീടനാശിനികൾ ഒഴിവാക്കിയുള്ള കൃഷിയിൽ കൃഷിച്ചെലവ് ഗണ്യമായി കുറഞ്ഞു.
ആഡ്ഷോപ്പ് ഇ-റീട്ടൈലിന്റെ ജൈവഉത്പന്നങ്ങൾ ഉപയോഗിച്ച് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പാണ് ശ്രദ്ധേയമായത്. കർഷകർക്ക് പ്രകൃതി സൗഹൃദ കൃഷിരീതികൾ പരിചയപ്പെടുത്തുകയും മണ്ണിന്റെ ആരോഗ്യവും കാർഷിക മേഖലയിലെ സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കൃഷി നടത്തിയത്. ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കളർകോഡ് വാർഡ് കൗൺസിലർ ദീപ്തി അധ്യക്ഷത വഹിച്ചു. കർഷകൻ സുജിത്ത് മുഖ്യാതിഥിയായി.
കാർഷിക മേഖലയിൽ ജൈവ ഉത്പന്നങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ കർഷകരിലേക്ക് പ്രകൃതിസൗഹൃദ കൃഷിരീതികൾ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ആറു കർഷകരുടേതായി 16 ഏക്കറിലാണ് കൃഷി നടത്തിയത്. ഉമ ഡി 1 നെൽവിത്താണ് ഉപയോഗിച്ചത്.
നിലം ഒരുക്കി, വിത്തുവിതച്ച് 20 ദിവസത്തിനുശേഷം ഭൂമിറ എന്ന ജൈവവളവും ഡിഎൻസി 90 എന്ന വളവും മിക്സ് ചെയ്ത് നൽകി. ഇത് ആവണക്കിന്റെയും വേപ്പിന്റെയും എക്സ്ട്രാക്ട് ആണ്. അതിനാൽ മറ്റു കീടനാശിനി പ്രയോഗങ്ങൾ വേണ്ടിവന്നില്ല.
32 ദിവസത്തിനു ശേഷം ക്രോപ് വിറ്റ ജെൽ നൽകി. ചെനപ്പ് കൂടുതൽ പൊട്ടുന്നതിനും കതിരിന് കനം വയ്ക്കുന്നതിനുമാണിത്. ത്രി ബി ബ്ളാക്ക് ബൂസ്റ്ററും തുടർന്നു നൽകി.
പാല് ഉറയ്ക്കാനുള്ളതാണിത്. മറ്റു രാസവളങ്ങളേക്കാൾ ചെലവ് കുറഞ്ഞവയാണിവ. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷിയിൽ ഒരേക്കറിന് 10000 രൂപയാണ് വളപ്രയോഗത്തിനായത്. ഒരേക്കറിൽ 2.5 ടണ്ണാണ് വിളവ് ലഭിച്ചത്.
ആലപ്പുഴ കൈചൂണ്ടിയിലെ ഗ്ലോവിംഗ് ഫ്ളവേസിലെ ഫസീലയാണ് വളമെത്തിച്ചത്. അഞ്ചേക്കറുള്ള കർഷകരുടെ ഒരേക്കറിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ജൈവകൃഷി നടത്തിയത്.
ജൈവകൃഷിയിലൂടെ ആരോഗ്യകരമായ ഭക്ഷ്യോത്പാദനമാണ് ലക്ഷ്യമെന്ന് ഫസീല പറഞ്ഞു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നെൽകൃഷി നടത്തിയ പാടങ്ങളിൽ അടുത്ത തവണമുതൽ മുഴുവൻ പാടങ്ങളിലും ജൈവകൃഷി ഇറക്കി ഉത്പാദനം ഉയർത്തുകയാണ് ലക്ഷ്യം.
Tags :