പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വെള്ളനാട് പിതാവിനെ സ്റ്റീൽ പൈപ്പ് കൊണ്ട് തലയ്ക്കടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയ കേസിൽ മകൻ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. വെള്ളനാട് കുളക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ സജീവിനെയാണ് (38) തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.പി. അനിൽകുമാർ കുറ്റക്കാരനായി വിധിച്ചത്. ശിക്ഷ ഇന്നു പ്രഖ്യാപിക്കും. കുളക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ കൊച്ചപ്പിയുടെ മകൻ സദാശിവനാണ് (67) കൊല്ലപ്പെട്ടത്.
ആദ്യഭാര്യയെയും മക്കളെയും ഉപേക്ഷിച്ച പ്രതി, രണ്ടു മക്കളുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് തറവാട്ടു വീട്ടിൽ താമസിപ്പിച്ചിരുന്നു.
ഇതിനെ സദാശിവൻ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2019 ഫെബ്രുവരി ഒന്പതിന് ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിൽ പ്രതി സദാശിവന്റെ തലയ്ക്ക് സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു താഴെയിടുകയും നെഞ്ചിൽ ശക്തമായി ചവിട്ടുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. തുടർന്നു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന് കൃത്യമായ ചികിത്സ നൽകാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ച പ്രതി, പേരിനു ചില ആശുപത്രികളിൽ എത്തിച്ച ശേഷം തിരികെ വീട്ടിൽ കൊണ്ടുവന്ന് മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. പിറ്റേദിവസം ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സദാശിവൻ മരിച്ചിരുന്നു. തലയ്ക്കും നെഞ്ചിനുമേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണം.
കിണറിനായി എടുത്ത കുഴിയിൽ വീണാണ് സദാശിവന് പരിക്കേറ്റതെന്ന് നാട്ടുകാരെയും പൊലിസിനെയും വിശ്വസിപ്പിക്കാൻ പ്രതിയും രണ്ടാം ഭാര്യയും ചേർന്നു ശ്രമിച്ചിരുന്നു. ഈ വാദം സ്ഥാപിച്ചെടുക്കുന്നതിനായി ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി സദാശിവന്റെ തലയിൽ തോട്ടിൽനിന്ന് വെള്ളമെടുത്ത് ഒഴിക്കുകയും ചെയ്തു. എന്നാൽ ക്രൂരമായ മർദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെയും ശാസ്ത്രീയ തെളിവുകളിലൂടെയും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞു.
പ്രതിയുടെ അമ്മ, അടുത്ത ബന്ധുവായ അയൽവാസി, രണ്ടാം ഭാര്യ തുടങ്ങിയ പ്രധാന സാക്ഷികൾ വിചാരണവേളയിൽ കൂറുമാറിയെങ്കിലും സംഭവം നേരിൽ കണ്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നിർണായക മൊഴിയാണ് കേസിൽ വഴിത്തിരിവായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് കോടതിയിൽ ഹാജരായി.
Tags :