ചോനമലയുടെ ഒരു ദൃശ്യം.
തലനാട്: പ്രകൃതിഭംഗിയും മലനിരകളുടെ മനോഹരമായ കാഴ്ചകളും സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ചോനമല ടൂറിസംകേന്ദ്രം അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ വീർപ്പുമുട്ടുന്നു.
തലനാട് പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ചോനമലയിലേക്ക് ദിവസേന നിരവധി സഞ്ചാരികളാണ് എത്തുന്നത്. സമുദ്രനിരപ്പിൽനിന്ന് 3,000 അടി ഉയരത്തിലുള്ള ഈ പ്രദേശത്തേക്കുള്ള മനോഹരമായ റോഡും പ്രകൃതിദൃശ്യങ്ങളും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. ഇവിടേക്കുള്ള യാത്രയിലും ടൂറിസം കേന്ദ്രത്തിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് കൂടുതൽ ശ്രദ്ധയുണ്ടാകണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡിന്റെ ഇരുവശങ്ങളിലും കാടും പുല്ലും വള്ളിപ്പടർപ്പുകളും വളർന്നുനിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് പരസ്പരം സൈഡ് കൊടുക്കാൻപോലും കഴിയാത്ത സാഹചര്യമാണ് പല ഭാഗങ്ങളിലും. വലിയ ടൂറിസ്റ്റ് വാഹനങ്ങളുൾപ്പടെ എത്തുന്ന റോഡിന്റെ അവസ്ഥ യാത്ര ദുഷ്കരമാക്കുന്നു. റോഡിന്റെ വശങ്ങൾ വെട്ടിത്തെളിക്കാനും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ മണ്ണിടിച്ചിലിൽ റോഡിലേക്ക് പതിച്ച മണ്ണും പൂർണമായി നീക്കം ചെയ്തിട്ടില്ല. റോഡരികിലെ സംരക്ഷണഭിത്തികളും കാടുകയറി മറഞ്ഞ നിലയിലാണ്.
റോഡിലെ പല ഹന്പുകളുടെയും മുന്നറിയിപ്പ് ബോർഡുകൾ മാഞ്ഞുപോയിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്നവർക്ക് കൃത്യമായ മുന്നറിയിപ്പ് ലഭിക്കാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും നിലവിലുള്ളവ പുതുക്കുകയും വേണം. രാത്രികാല യാത്ര സുരക്ഷിതമാക്കാൻ റോഡിന്റെ ഇരുവശങ്ങളിലും വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
അടിസ്ഥാനസൗകര്യങ്ങളില്ല
ചോനമലയിലെ മല്ലി വ്യൂ പോയിന്റ് ഉൾപ്പടെയുള്ള കാഴ്ചകേന്ദ്രങ്ങളിൽ പൊതുശൗചാലയ സൗകര്യമില്ലാത്തത് സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മണിക്കൂറുകൾ യാത്രചെയ്ത് എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്ത അവസ്ഥയാണ്. കുടിവെള്ള ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ട്. സമീപപ്രദേശത്തുള്ള പഞ്ചായത്ത് കിണർ നവീകരിച്ച് മോട്ടോർ സ്ഥാപിച്ച് ടൂറിസം കേന്ദ്രത്തിലേക്ക് വെള്ളമെത്തിക്കാനുള്ള സാധ്യത അധികൃതർ പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ നിർദേശം.
സഞ്ചാരികൾക്ക് വിശ്രമിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും കഴിയുന്ന തരത്തിൽ ഇരിപ്പിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കണം. മനോഹരമായ വ്യൂ പോയിന്റുകളും പ്രകൃതിദൃശ്യങ്ങളും ഉണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കുറവു മൂലം നിരാശയോടെയാണ് മടങ്ങുന്നതെന്ന് സഞ്ചാരികൾ പറയുന്നു.
രാത്രികാല സുരക്ഷ ഉറപ്പാക്കണം
ടൂറിസം കേന്ദ്രത്തിലും സമീപപ്രദേശങ്ങളിലും രാത്രികാല സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പ്രദേശത്തെ കടകളിൽ മോഷണശ്രമങ്ങൾ ഉണ്ടായത് വ്യാപാരികളെ ആശങ്കയിലാക്കി. ആഴ്ചയിൽ രണ്ട ുതവണയെങ്കിലും രാത്രികാല പോലീസ് പട്രോളിംഗ് ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലിക്കൽകല്ല് ഉൾപ്പടെയുള്ള സമീപ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മലമുകളിലേക്ക് നടന്നു പോകുന്നവർക്കും ആവശ്യമായ സുരക്ഷാ നിർദേശങ്ങളും മുന്നറിയിപ്പുകളും ഒരുക്കേണ്ടതുണ്ട്.
വികസന പാക്കേജ് വേണം
വിനോദസഞ്ചാര സീസൺ ആരംഭിക്കുന്നതോടെ ചോനമലയിലേക്ക് ആയിരക്കണക്കിനാളുകൾ എത്താനുള്ള സാധ്യതയുണ്ട്. അതിനാൽ പൊതുശൗചാലയം, കുടിവെള്ളം, വഴിവിളക്കുകൾ, റോഡ് വശങ്ങൾ വൃത്തിയാക്കൽ, സംരക്ഷണഭിത്തികളുടെ പരിപാലനം, മുന്നറിയിപ്പ് ബോർഡുകൾ, വിശ്രമിക്കാനുള്ള സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി അടിയന്തര വികസന പാക്കേജ് നടപ്പാക്കണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം.
തലനാട് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും മറ്റു ബന്ധപ്പെട്ട അധികൃതരും സംയുക്തമായി ഇടപെട്ട് ചോനമലയുടെ വികസനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. പ്രകൃതിയുടെ മനോഹാരിത മാത്രം പോരാ, അവിടെയെത്തുന്നവർക്ക് സുരക്ഷിതമായ യാത്രയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണം. വലിയ ടൂറിസം സാധ്യതയുള്ള ചോനമലയെ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ മികച്ച വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Tags : Tourists in distress due to lack of basic infrastructure Nattuvishesham DistrictNews