എപിജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം.
കല്‍പ്പറ്റ: ടൂറിസം മേഖലയുടെ സുഗമ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ജില്ലയില്‍ പ്രത്യേക സമിതി രൂപീകരിക്കും. ജില്ലാ വികസന സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം. എഡിഎം അധ്യക്ഷനും ടൗണ്‍ പ്ലാനര്‍ കണ്‍വീനറും തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, ഡിടിപിസി സെക്രട്ടറി, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളുമായാണ് സമിതി രൂപീകരിക്കുകയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി വ്യക്തമാക്കി.
ബത്തേരി-പെരിക്കല്ലൂര്‍, മുള്ളന്‍കൊല്ലി-മരക്കടവ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ജനം നേരിടുന്ന പ്രയാസങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് പ്രിയങ്ക ഗാന്ധി എംപിയുടെ പ്രതിനിധി കെ.എല്‍. പൗലോസ് ആവശ്യപ്പെട്ടു. അപാകതകള്‍ പരിഹരിച്ച് കൈനാട്ടിയിലെ ട്രാഫിക് സിഗ്നലുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്ന് കൃഷി മന്ത്രിയുടെ പ്രതിനിധി വി.എ. മജീദ് നിര്‍ദേശിച്ചു.
പുഴയുടെയും തോടുകളുടെയും ഓരങ്ങളില്‍ നിര്‍മിച്ച വീടുകളുടെ സുരക്ഷയ്ക്ക് ഭിത്തികള്‍ നിര്‍മിക്കണമെന്നും എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വനമേഖലയില്‍ നിര്‍മിക്കുന്ന വേലികളുടെ പ്രവൃത്തി സമയബന്ധിതമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടിആര്ഡിഎമ്മില് അനുവദിച്ചതില്‍ പല വീടുകളിലും ആളുകള്‍ താമസിക്കാത്ത സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേരാന്‍ തീരുമാനിച്ചു. ആസൂത്രണഭവന്‍ എപിജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം കെ. അജീഷ്, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ എം. കമാലുദ്ദീന്, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.