തേക്കു മരത്തെ കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ വികാരി ഫാ. ജോഷി കളപ്പറമ്പത്ത്, സഹ വികാരി ഫാ. ജിബിൻ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മളമായി വരവേറ്റപ്
വെച്ചൂർ: മഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയ്ക്കായി ഭക്ത്യാദരപുർവം ആഘോഷമായി കൊണ്ടുവന്ന കൊടിമരത്തെ പള്ളിയങ്കണത്തിൽ വരവേറ്റ് ആശിർവദിച്ച് സാഹോദര്യവും മതമൈത്രിയും ഉദ്ഘോഷിച്ച് ഒരു ക്രൈസ്തവ ദേവാലയം.
കുടവെച്ചൂർ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയ്ക്കായി കോട്ടയം പള്ളിക്കത്തോട്ടിലുള്ള പുരയിടത്തിൽനിന്നു മുറിച്ച തേക്കുമരം ഘോഷയാത്രയായി ക്ഷേത്രത്തിലേക്കു കൊണ്ടുവന്നപ്പോഴാണ് എറണാകുളം-അങ്കമാലി അതിരൂപതയിൽ ഉൾപ്പെട്ട കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ ഊഷ്മള വരവേൽപ്പ് നൽകിയത്.
വികാരി ഫാ.ജോഷി കളപ്പറമ്പത്ത്, സഹ വികാരി ഫാ.ജിബിൻ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് കൊടിമര ഘോഷയാത്രയെ ഹൃദയപൂർവം സ്വീകരിച്ചത്.
മതാതീതമായ സ്നേഹത്തിൻ്റേയും സാഹോദര്യത്തിന്റെയും നേർകാഴ്ചയായി വൈക്കം നിവാസികൾ കൊണ്ടാടുന്നതാണ് വൈക്കത്തഷ്ടമിയും കുടവെച്ചൂർ മുത്തിയുടെ പിറവി തിരുനാളും.
നാടൊന്നാകെ പ്രവഹിക്കുന്ന ആ രണ്ട് ഉത്സവങ്ങളെയും അനുസ്മരിപ്പിക്കുന്ന വൈക്കത്തിന്റെ മത സൗഹാർദ്ദത്തെ അനുഭവവേദ്യമാക്കുന്ന ചടങ്ങായി കൊടിമര ഘോഷയാത്ര വരവേൽപ്.
കേരളമാകെ മുങ്ങിയ മഹാപ്രളയത്തിൽ ജാതിക്കും മതത്തിനുമതീതമായി എല്ലാവരുമൊന്നാണെന്ന ബോധ്യത്തിൽ കൈയിലുള്ളതെല്ലാം പങ്കിട്ട നമുക്ക് പരസ്പര സ്നേഹവും സമഭാവനയും ഊട്ടിയുറപ്പിച്ച് കൂടുതൽ മെച്ചപ്പെട്ട മനുഷ്യരായി നാടിന്റെ നന്മയ്ക്കായി കൈകോർക്കണമെന്ന സന്ദേശമാണ് ഈ ചടങ്ങ് വെളിവാക്കുന്നതെന്ന് കൊടിമരത്തെ ആശീർവദിച്ചു കൊണ്ട് വികാരി ഫാ. ജോഷി കളപ്പറമ്പത്ത് അഭിപ്രായപ്പെട്ടു.
വൻ ജനാവലിയെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രാകേഷ് ശാന്തി, സ്ഥപതി പാമ്പാക്കുട ശിവൻ ആചാരി, കൊടിമരം സമർപ്പിക്കുന്ന കുടവെച്ചൂർ മാഞ്ഞുത്തറയിൽ കെ. രാജൻ,
കുടവെച്ചൂർ ശ്രീകണ്ഠേശ്വരം ശ്രീ മഹാദേവ ക്ഷേത്രം ഭാരവാഹികൾ, വെച്ചൂർ സെന്റ് മേരീസ് പള്ളിയിലെ കൈക്കാരൻമാർ, ഇടവകാംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. വൈകുന്നേരം 6.45ന് കൊടിമര ഘോഷയാത്ര ക്ഷേത്ര സന്നിധിയിലെത്തി.
Tags : Flag-Mast Procession Nattuvishesham DistrictNews DeepikaNews