മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു.
ചാരുംമൂട്: അശരണരായ മനുഷ്യരെ ദേവാലയങ്ങൾ ചേർത്തുനിർത്തണമെന്നും അത് പ്രാർഥനയുടെ ഭാഗമാണെന്നും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. ചാരുംമൂട് കരിമുളയ്ക്കൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവാലയങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുക്കണമെന്നും നാനാജാതി മനുഷ്യർക്ക് ആശ്വാസം പകരാനും അവരുടെ സങ്കടങ്ങൾ പറയാനുമുള്ള അഭയകേന്ദ്രങ്ങളാണ് ദേവാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അമ്പതു വർഷമായി നാടിന്റെ മത സാഹോദര്യം നിലനിർത്തി കരിമുളയ്ക്കൽ സെന്റ് മേരീസ് ദേവാലയം നടത്തിവരുന്ന ആത്മീയ സാമൂഹ്യ ജീവകാരുണ്യപ്രവർത്തനങ്ങൾ മാതൃകാ പരമാണെന്നും മന്ത്രി പറഞ്ഞു.
മാവേലിക്കര ഭദ്രസനാധ്യക്ഷൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് അധ്യക്ഷത വഹിച്ചു . മനുഷ്യൻ സുഖ ദുഃഖങ്ങളിലും ഒറ്റപ്പെടലിലും ദൈവത്തെ കണ്ടുമുട്ടുന്ന ഇടമാണ് ദേവാലയം. എല്ലാ മനുഷ്യർക്കുമായി ദേവാലയം തുറന്നിടണം. ഓരോ വിശ്വാസിയും ജീവിതം കൊണ്ട് ക്രിസ്തുവായി മാറണമെന്നും ബിഷപ് പറഞ്ഞു. എം.എസ്. അരുൺകുമാർ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭന, ഫാ. തോമസ് ചെറുപുഷ്പം, ഫാ. കോശി മാത്യു, ഫാ. സാം മാത്യു, ഫാ. ഡി. ജോയ്ക്കുട്ടി, ഫാ. സ്റ്റീഫൻദാസ്, ഇടവക വികാരി ഫാ. വർഗീസ് കുന്നത്തേത്ത്, ഫാ. തോമസ് പണിക്കർ, ഫാ. ഉമ്മൻ പടിപ്പുരയ്ക്കൽ, ഫാ. സാമൂവേൽ പായിക്കാട്ടേത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ശോശാമ്മ ബിജു, പഞ്ചായത്തംഗം രമ്യ പ്രസാദ്, ട്രസ്റ്റി തോമസ് പണിക്കർ, സെക്രട്ടറി സുരേഷ് രാജൻ, ജനറൽ കൺവീനർ സജി ജോൺ പായിക്കാട്ടേത്ത്, സിസ്റ്റർ സീലിയ എന്നിവർ പ്രസംഗിച്ചു. ദിവ്യബലിക്ക് ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് മുഖ്യകാർമികത്വം വഹിച്ചു.