കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സുവർണ്ണ ജൂബിലി സംഗമം 'കമ്മ്യൂണിയോ' എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വിജയപുരം രൂപതാധ്യക്ഷൻ റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ ഉദ്ഘാടനം ചെയ്തു.
സ്നേഹ സംസ്കാരം കെട്ടിപ്പടുക്കാനും സ്വാതന്ത്ര്യത്തിന്റെ ശുശ്രൂഷ നിർവഹിക്കുന്ന ജ്വലിക്കുന്ന ദീപശിഖകളായി പ്രകാശം പരത്താനും സംഘടനാംഗങ്ങൾ ജാഗരൂകരാകണമെന്ന് റൈറ്റ് റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ ഉദ്ഘാടന സന്ദേശത്തിൽ ഓർമിപ്പിച്ചു.
വൈവിധ്യമാർന്ന ശുശ്രൂഷകളിലൂടെ സഭാ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്ന സംഘടനകൾ ദൈവം നൽകിയ ദാനമാണെന്നും അവരുടെ സേവനങ്ങൾ ദൈവസന്നിധിയിൽ വിലമതിക്കപ്പെടുന്നതാണെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
എരുമേലി, റാന്നി, പത്തനംതിട്ട ഫൊറോനകളുടെ ആതിഥേയത്വത്തിൽ നടന്ന സംഗമത്തിൽ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി, പിതൃവേദി, കത്തോലിക്ക കോൺഗ്രസ്, ഡിസിഎംഎസ്, ലീജിയൺ ഓഫ് മേരി, മദ്യവിരുദ്ധ സമിതി തുടങ്ങി രൂപതയിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
പ്രൊഫ. ഡോ. പി.സി. അനിയൻകുഞ്ഞ് സംഘടന പ്രതിനിധികൾക്കായി സെമിനാർ നയിച്ചു. ചെങ്ങളം സെന്റ് ആന്റണി പിതൃവേദിയുടെ നേതൃത്വത്തിൽ ദൃശ്യാവിഷ്കാരവും അരങ്ങേറി.
എരുമേലി ഫൊറോന പള്ളി വികാരി റവ. ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ സ്വാഗതവും, കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് നന്ദിയും പറഞ്ഞു. രൂപത വികാരി ജനറാളുമാരും വിവിധ ഫൊറോന വികാരിമാരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Tags :