ഭരണങ്ങാനം ഡിവിഷന്
ജില്ലാ പഞ്ചായത്തിലെ വനിതാ സംവരണ ഡിവിഷനായി ഭരണങ്ങാനത്ത് കേരള കോണ്‍ഗ്രസുകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. യുഡിഎഫ് സീറ്റില്‍ കേരള കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാടിന്റെ ഭാര്യ ലൈസമ്മ പുളിങ്കാടും എല്‍ഡിഎഫ് സീറ്റില്‍ മഹിളാ കോണ്‍ഗ്രസ്-എം സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫും എന്‍ഡിഎ സ്ഥാനാര്‍ഥിയായി മാഗി കല്ലറയ്ക്കലുമാണ് രംഗത്തുള്ളത്. ഭരണങ്ങാനം ഡിവിഷനില്‍ കരൂര്‍, മീനച്ചില്‍, കടനാട്, ഭരണങ്ങാനം, എലിക്കുളം പഞ്ചായത്തുകളാണ് ഉള്‍പ്പെടുന്നത്.
ലൈസമ്മ ജോര്‍ജ് -യുഡിഎഫ്
ദീര്‍ഘകാലത്തെ അധ്യാപന സേവനത്തിനു ശേഷം കുടക്കച്ചിറ സെന്റ് ജോസഫ് ഹൈസ്കൂളില്‍ നിന്നു ഹെഡ്മിസ്ട്രസായി റിട്ടയര്‍ ചെയ്തു. എകെസിസി പാലാ രൂപത വനിതാ കോ ഓര്‍ഡിനേറ്ററും മാതൃവേദി പാലാ ഫൊറോന വൈസ് പ്രസിഡന്റുമാണ്. ലൈസമ്മ ജോര്‍ജിന്റെ കന്നിയങ്കമാണിത്.
പെണ്ണമ്മ ജോസഫ് -എല്‍ഡിഎഫ്
35 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ 14 വര്‍ഷം ഹെഡ്മിസ്ട്രസായിരുന്നു. ഭര്‍ത്താവ് പി.ടി. ജോസഫ് പന്തലാനി മീനച്ചില്‍ പഞ്ചായത്തില്‍ മെംബറായിരുന്നു.നിലവില്‍ കേരള വനിതാ വികസന കോര്പറേഷന് ഡയറക്ടറാണ്. 2015 ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചു. മുന്‍ ജില്ലാ പഞ്ചായത്തംഗമാണ്. ജില്ലാ പഞ്ചായത്തിലേക്കു രണ്ടാമത്തെ മത്സരം.
മാഗി കല്ലറയ്ക്കല്‍ -എന്‍ഡിഎ
മാഗി കല്ലറയ്ക്കല്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റാണ്. ജില്ലാ പഞ്ചായത്തിലേക്ക് ആദ്യമത്സരമാണ്. ളാലം ബ്ലോക്കിലേക്ക് കഴിഞ്ഞ തവണ മത്സരിച്ചിരുന്നു. കാസയുടെ പാലാ നിയോജകമണ്ഡലം പ്രസിഡന്റാണ്.
പൂഞ്ഞാര്‍ ഡിവിഷന്
ഇടതു, വലതു, ബിജെപി മുന്നണികളെ പരാജയപ്പെടുത്തി കഴിഞ്ഞ തവണ ജനപക്ഷം സ്ഥാനാര്‍ഥി വിജയിച്ച ഡിവിഷനാണ് പൂഞ്ഞാര്‍. ഇത്തവണ ഡിവിഷന് തിരിച്ചുപിടിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും തീവ്ര ശ്രമത്തിലാണ്. ജനപക്ഷം പ്രതിനിധി ബിജെപിയിലെത്തിയതോടെ ഡിവിഷന് നിലനിര്‍ത്താന്‍ ഇത്തവണ എന്‍ഡിഎയും വാശിയേറിയ പോരാട്ടത്തിലാണ്. തിടനാട്, പൂഞ്ഞാര്‍, തലപ്പലം പഞ്ചായത്തുകളും ഈരാറ്റുപേട്ട ബ്ലോക്കിലെ വളതൂക്ക്, കളത്തൂക്കടവ് ഡിവിഷനുകളും ഉള്‍പ്പെടുന്നതാണ് പുതിയ പൂഞ്ഞാര്‍ ഡിവിഷന്.
ആര്. ശ്രീകല -യുഡിഎഫ്
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, റിട്ടയേര്‍ഡ് പ്രധാന അധ്യാപിക, കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
മിനി സാവിയോ-എല്‍ഡിഎഫ്
നിലവില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേരള വനിതാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. 2005-2010 ജില്ലാ പഞ്ചായത്ത് ഈരാറ്റുപേട്ട ഡിവിഷന് അംഗവും 2015-2020ല്‍ തിടനാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സംസ്ഥാന ഗാര്‍ഹിക പീഡനകേസ് മോനിട്ടറിംഗ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബീനാമ്മ ഫ്രാന്‍സിസ്- എന്‍ഡിഎ
ബിജെപി ജില്ലാ കമ്മിറ്റിയംഗം, പാലാ അല്‍ഫോന്‍സാ കോളജ് റിട്ട. സൂപ്രണ്ട്, മുന്‍ ജില്ലാ പഞ്ചായത്തംഗം.
തലനാട് ഡിവിഷന്
ജില്ലാ പഞ്ചായത്തില്‍ പുതിയതായി രൂപീകരിച്ച ഡിവിഷനാണ് തലനാട്. പുതിയ ഡിവിഷനില്‍ യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും വാശിയേറിയ പോരാട്ടത്തിലാണ്. തലനാട്, മേലുകാവ്, തീക്കോയി, മൂന്നിലവ് പഞ്ചായത്തുകളും ഈരാറ്റുപേട്ട ബ്ലോക്കിലെ പൂഞ്ഞാര്‍ കല്ലേക്കുളം, പാതാമ്പുഴ ഡിവിഷനുകളും കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ചോറ്റി ഡിവിഷനും ഉള്‍പ്പെടുന്നതാണ് തലനാട് ഡിവിഷന്.
ബിന്ദു സെബാസ്റ്റ്യന്‍- യുഡിഎഫ്
മൂന്നിലവ് സ്വദേശിനിയാണ്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും മൂന്നിലവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്. മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ്.
അമ്മിണി തോമസ് -എല്‍ഡിഎഫ്
അമ്മിണി തോമസ് നിലവില്‍ തീക്കോയി പഞ്ചായത്ത് അംഗവും 20 വര്‍ഷമായി തീക്കോയി സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. 2000-2005 ല്‍ ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന് അംഗമായിരുന്നു. 1995 ല്‍ തീക്കോയി പഞ്ചായത്തിന്റെ പ്രഥമ വനിതാ പ്രസിഡന്റാണ്. 2015ലും പഞ്ചായത്ത് പ്രസിഡന്റായി. കേരള വനിതാ കോണ്‍ഗ്രസ്-എം സംസ്ഥാന വൈസ് പ്രസിഡന്റാണ്.
പി.വി. ലാലി -എന്‍ഡിഎ
ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം ഉപാധ്യക്ഷയായും ബിജെപി തീക്കോയി പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുന്നു. ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ പ്രസിഡന്റാണ്.
കുറിച്ചി ഡിവിഷന്
ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷന് പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകള്‍ പൂര്‍ണമായും ഉള്‍പ്പെട്ടതാണ്. രണ്ട് തവണയായി യുഡിഎഫിന്റെ കൈകളിലുള്ള ഡിവിഷന് ഇക്കുറി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. എന്‍ഡിഎ ആകട്ടെ ഡിവിഷനില്‍ തങ്ങളുടെ കരുത്ത് ഇത്തവണ തെളിയിക്കുമെന്ന് തീരുമാനത്തിലാണ്.
ബെറ്റി ടോജോ- യുഡിഎഫ്
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, എകെസിസി വനിതാ കൗണ്‍സില്‍ ചങ്ങനാശേരി അതിരൂപത അംഗം. അധ്യാപനം, കൗണ്‍സലിംഗ്, ബിസിനസ് അഡ്മിനിസ്ട്രേഷന് മേഖലകളില്‍ തൊഴില്‍ പരിചയം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പോസ്റ്റ് ഗ്രാജുവേറ്റ്. ജില്ലാ പഞ്ചായത്തില്‍ ആദ്യമായി മത്സരിക്കുന്നു.
സുമ എബി- എല്‍ഡിഎഫ്
മഹിളാ അസോസിയേഷന് ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗം, കുറിച്ചി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, കുറിച്ചി സഹകരണ ബാങ്ക് ബോര്‍ഡ് മെംബര്‍, നീലംപേരൂര്‍ സെന്റ് ജോര്‍ജ് ക്നാനായ സ്കൂള്‍ അധ്യാപിക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. രണ്ട് തവണ കുറിച്ചി പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ചു.
ശൈലജ സോമന്- എന്‍ഡിഎ
കുറിച്ചി പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ കുറിച്ചി പഞ്ചായത്ത് 11-ാം വാര്‍ഡ് മെംബറുമാണ്. കോട്ടയം ഈസ്റ്റ് ജില്ലയിലെ മഹിളാമോര്‍ച്ചയുടെ വൈസ് പ്രസിഡന്റാണ്. 30 വര്‍ഷത്തിലധികമായി പൊതു പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നു.