പഴുത്ത കാപ്പിക്കുരു നശിപ്പിക്കുന്ന കുരങ്ങിന്റെ ദൃശ്യം.
മേപ്പാടി: ഗ്രാമ പഞ്ചായത്ത് ഒന്ന്, രണ്ട്,മൂന്ന്,നാല് വാർഡുകൾ ഉൾപ്പെടുന്ന നത്തംകുനി, നെടുമ്പാല, പളളിക്കവല, ചൂരിക്കുനി മുതലായ പ്രദേശങ്ങളിൽ കുരങ്ങ്, കാട്ടുപന്നി, മാൻ എന്നിവയുടെ ശല്യം കർഷകരെ വലയ്ക്കുന്നു. നാണ്യ വി ളകൾ ധാരാളമായി ഉത്പാദിപ്പിക്കുന്ന മേഖലയാണിവിടം.
വിളവെടുക്കാനാകുമ്പോഴേക്കും വന്യ മൃഗങ്ങളുടെ ശല്യവും രൂക്ഷമാകുന്നു എന്നാണ് ഈ പ്രദേശത്തെ കൃഷിക്കാരുടെ വിലാപം.ഏറ്റവും കൂടുതൽ വിളനാശം വരുത്തുന്നത് കുരങ്ങുകളാണ്.നൂറു കണക്കിന് കുരങ്ങുകൾ കൂട്ടമായിട്ടാണ് കൃഷിയിടങ്ങളിലേക്കെത്തുന്നത്. കാപ്പി, കുരുമുളക്, അടയ്ക്ക, തേങ്ങ എന്നിവയൊക്കെ കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നു. ഇതു മൂലം വിപണിയിലെ വില വർദ്ധനയുടെ ആനുകൂല്യം തങ്ങൾക്ക് ലഭിക്കാതെ പോകുന്നു എന്നാണ് കർഷകരുടെ പരാതി.
നശിപ്പിക്കപ്പെട്ടവയുടെ ബാക്കി മാത്രമാണ് കർഷകർക്ക് ലഭിക്കുക. വർഷങ്ങളായി മേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നമാണിത്. വിളവെടുപ്പ് കാലമാകുമ്പോൾ കുരങ്ങുകൾ അടക്കമുള്ള വന്യമൃഗങ്ങളെ തുരത്തുന്നതിന് വനം വകുപ്പ്, കൃഷി വകുപ്പ് എന്നിവ സംയുക്തമായി നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Tags : Nattuvishesham District News Monkey Menace in Meppadi