തൃക്കരിപ്പൂർ: ഗവ. താലൂക്ക് ആശുപത്രിയിൽ പത്തുവയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചകഴിഞ്ഞ് ആശുപത്രി വികസനസമിതിയുടെ യോഗം വിളിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.55 ഓടെ കടുത്ത പനിയും ശ്വാസതടസവുമായി ആശുപത്രിയിലെത്തിച്ച പത്തു വയസുകാരിയുടെ രക്ഷിതാക്കളാണ് പരാതി ഉന്നയിച്ചിട്ടുള്ളത്.
കുട്ടിയുമായി എത്തിയവർക്ക് കൗണ്ടറിന്റെ ചുമതലയുണ്ടായിരുന്ന താത്കാലിക ജീവനക്കാരൻ ടോക്കൺ നൽകാൻ വിസമ്മതിക്കുകയും അതേസമയത്ത് എത്തിയ മറ്റൊരു രോഗിക്ക് ടോക്കൺ നൽകി ഡോക്ടറുടെ അടുത്തേക്ക് അയക്കുകയും ചെയ്തതായാണ് ആക്ഷേപം. സംഭവം പുറത്തുവന്നതോടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ രാവിലെ ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരിയും ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു, പഞ്ചായത്തംഗം ഫായിസ് ബീരിച്ചേരി, ആശുപത്രി വികസന സമിതി അംഗം എ.ജി.സി. ഷംഷാദ് എന്നിവരും ആശുപത്രിയിലെത്തി.
Tags : taluk hospital Nattuvishesham District News