മീങ്കര ഡാമിനു സമീപം മത്സ്യ മാലിന്യം തള്ളാനെത്തിയ വാഹനം പഞ്ചായത്ത് പ്രസിഡന്റ് സി. തിരുചന്ദ്രൻ പരിശോധിക്കുന്നു.
മുതലമട: ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മീങ്കര ഡാമിന് സമീപം കണ്ടെയ്നർ വാഹനത്തിൽ മത്സ്യമാലിന്യം തള്ളാനെത്തിയത് നാട്ടുകാർ പിടികൂടി പഞ്ചായത്തിനു കൈമാറി.
വാഹനം സഞ്ചരിക്കുമ്പോൾ ഉണ്ടായ ദുർഗന്ധം കാരണം നാട്ടുകാർ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പ്രദേശത്ത് പതിവായി മാലിന്യം തള്ളുന്നതിനാൽ നാട്ടുകാർ വിഷയത്തിൽ ഇടപെടുകയാണുണ്ടായത്.
പഞ്ചായത്ത് പ്രസിഡന്റ് സി. തിരുചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി വിനോദും സംഭവസ്ഥലത്തെത്തി വാഹനം പരിശോധിച്ച് 50,000 രൂപ പിഴ ചുമത്തി.
കൂടാതെ വാഹനം കണ്ടുകെട്ടുന്നതിനായി പഞ്ചായത്ത് അധികൃതർ നടപടിയും എടുത്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച കാമ്പ്രത്ത്ചള്ളയിൽ സ്ഥാപിച്ച സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഒരു ബൈക്ക് യാത്രികനിൽ നിന്ന് 5000 രൂപ പിഴ ഈടാക്കിയിരുന്നു. കാലവർഷം ശക്തമായതോടെ പകർച്ചവ്യാധി ഭീഷണി കണക്കിലെടുത്ത് മാലിന്യം തള്ളാൻ എത്തുന്ന വാഹനങ്ങൾ പിടികൂടാൻ നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്.
Tags : Nattuvishesham District news