സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജുമായ ഷാബിര്‍ ഇബ്രാഹിം പരിശോധിക്കുന്നു.
കാളികാവ്: വെന്തോടംപടി-മുത്തംതണ്ട് വിസിബി കം ബ്രിഡ്ജ് വിവാദ അപ്രോച്ച് റോഡിന്റെ നിര്‍മാണ പുരോഗതി പരിശോധിക്കാന്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയും സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജുമായ ഷാബിര്‍ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു.
ഹൈക്കോടതി നിര്‍ദേശപ്രകാരം കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അഥോറിറ്റി മെമ്പര്‍ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരമാണ് സന്ദര്‍ശനം. വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ മൂന്നാം തവണയാണ് ജഡ്ജി സ്ഥലം പരിശോധിക്കുന്നത്. 2022 മാര്‍ച്ചിലെ ഡബ്ലിയു പി (സി) 8140 നമ്പര്‍ കേരള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.
ഓരോ മൂന്നുമാസം കൂടുമ്പോഴും ഹൈക്കോടതി രജിസ്ട്രി മുമ്പാകെ നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടാണ് കോടതി കേസ് തീര്‍പ്പാക്കിയിരുന്നത്.അപ്രോച്ച് റോഡിന്റെ പ്രവൃത്തി ഏറ്റെടുത്ത സില്‍ക്ക് കരാര്‍ കമ്പനി മാളിയേക്കല്‍ ഭാഗത്തെ പണി വൈകിപ്പിക്കുകയാണെന്നാണ് പ്രധാന ആക്ഷേപം.
ഉപകരാര്‍ നല്‍കിയാണ് കമ്പനി പ്രവൃത്തികള്‍ നടത്തുന്നതെന്നും വിരലിലെണ്ണാവുന്ന ജോലിക്കാരെ മാത്രമാണ് നിയോഗിച്ചിട്ടുള്ളതെന്നും പ്രദേശവാസികള്‍ ആരോപിച്ചു. അക്ഷയ ക്ലബ്ബുകാരുടെ ആവശ്യപ്രകാരം ഗ്രൗണ്ട് റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.മാളിയേക്കല്‍ ഭാഗത്തെ റോഡ് ചെളിക്കുളമായി ഗതാഗതം ദുരിതത്തിലായിരിക്കുകയാണ്.
വാര്‍ഡ് മെമ്പര്‍ കെ.വി. മുനീറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജഡ്ജിയോട് ദുരിതം വിവരിച്ചു. അടുത്ത വര്‍ഷം ജൂലൈയോടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കുമെന്ന് കരാറുകാരനും ഓവര്‍സീയറും ഉറപ്പ് നല്കി. പദ്ധതി പ്ലാനും എസ്റ്റിമേറ്റും ജഡ്ജി പരിശോധിച്ചു. സന്ദര്‍ശന സമയത്ത് സില്‍ക്ക് കരാറുകാരനും ഓവര്‍സീയറും സ്ഥലത്തുണ്ടായിരുന്നെങ്കിലും, ജില്ലാ പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗത്തില്‍ നിന്ന് ആരും എത്താതിരുന്നതില്‍ ജഡ്ജി അമര്‍ഷം രേഖപ്പെടുത്തി.2023 ജനുവരിയില്‍ തറക്കല്ലിട്ട് തുടങ്ങിയ നിര്‍മാണം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു ജില്ലാ പഞ്ചായത്തിന്റെ വാഗ്ദാനം. റോഡിന്റെ ബാക്കി ഭാഗത്തെ പ്രവൃത്തികള്‍ക്കായി റവന്യു മന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. ജഡ്ജി ഷാബിര്‍ ഇബ്രാഹിമിനും നാട്ടുകാര്‍ പരാതി നല്കി.