പ്രതീകാത്മക ചിത്രം
കൊല്ലം: കൊല്ലം ബീച്ചിലെ മണൽപരപ്പിലുള്ള കച്ചവടം ഒഴിവാക്കാൻ പാർക്കിംഗ് കേന്ദ്രത്തിൽ ബങ്കുകൾ സജ്ജമാക്കുമെന്ന് മേയർ എ.കെ. ഹഫീസ്. കൊർപറേഷൻ കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിന് വേണ്ടി 100 ബങ്കുകൾ വാങ്ങാൻ പൊതുമേഖല സ്ഥാപനമായ സിഡ്കോയുമായി ചർച്ച നടത്തി. സന്ദർശകരുടെ സുരക്ഷയെ മുന്നിൽക്കണ്ടാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.
ഗ്യാസ് സിലിണ്ടറുകൾ ഉൾപ്പടെയുള്ളവ യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് മണൽപരപ്പിൽ ഉപയോഗിക്കുന്നത്. ഭക്ഷണം കഴിച്ച ശേഷം പ്ലാസ്റ്റിക്ക് അടക്കമുള്ള അവശിഷ്ടങ്ങൾ മണൽപ്പരപ്പിൽ തന്നെയാണ് ഉപേക്ഷിക്കുന്നത്. കച്ചവടം പൂർണമായും ഇവിടെ നിന്ന് ഒഴിവാക്കുന്നതോടെ ബീച്ചിലെത്തുന്ന സന്ദർശകർക്ക് കുറച്ചുകൂടി സൗകര്യം ലഭിക്കും. വിക്ടോറിയ ആശുപത്രിക്ക് സമീപത്തയും ലിങ്ക് റോഡിലെയും തെരുവ് കച്ചവടങ്ങൾ ഒഴിപ്പിക്കാനും നടപടിയെടുക്കും.
തെരുവ് വിളക്കുകൾ കത്തിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നാലു കോടി രൂപയാണ് കരാറുകാർക്ക് കുടിശിക ഉണ്ടായിരുന്നത്. മൂന്നര കോടിയോളം രൂപ നൽകി. ഉൾപ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാൻ ചെറിയ ടാങ്കർ ലോറി, രണ്ട് ജെസിബി, ടിപ്പർ എന്നിവ വാങ്ങും. അപകടഭീഷണി ഉയർത്തുന്ന സുനാമി ഫ്ലാറ്റുകൾ പൊളിച്ച് നീക്കും.
എസ്സി, എസ്ടി ഫണ്ടുകൾ ശരിയായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് ഡെപ്യൂട്ടി മേയർ കരുമാലിൽ ഉദയാ സുകുമാരൻ പറഞ്ഞു. ഉപയോഗിക്കാതെ കിടക്കുന്ന ഇത്തരം ഫണ്ടുകൾ വിനിയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ ശ്രദ്ധപുലർത്തണമെന്നും ഡപ്യൂട്ടി മേയർ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ കുരുവിള ജോസഫ്, ലൈലാകുമാരി, എം. രാജശ്രീ കൗൺസിലർമാരായ രാധിക സജി, ബി. ശൈലജ, എ.കെ. അസൈൻ,അജിത്ത് ചോഴത്തിൽ എന്നിവർ കൗൺസിൽ യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തു.
Tags : beach NattuVishesham DistrictNews