ദീപിക ഇംപാക്ട് ന്യൂസ്
ആലപ്പുഴ: പൊതുസമാധാനത്തിന് ഭംഗം വരുത്താൻ സാധ്യതയുള്ള പ്രവൃത്തികൾ തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ സ്വദേശിയോട് ഒരു വർഷത്തേക്ക് സമാധാനം പാലിക്കുന്നതിനുള്ള ബോണ്ട് കെട്ടിവയ്ക്കാൻ നിർദേശം. ആലപ്പുഴ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ആലപ്പുഴ നഗരസഭ ആറാട്ടുവഴി വാർഡിൽ കൈതവളപ്പിൽ മീരാഹോമിൽ ജേക്കബിന്റെ ഭാര്യ പ്രീതി ജേക്കബിനാണ്(45) കോടതി നിർദേശം നൽകിയിരിക്കുന്നത്.
ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിലെ റ്റി.ഡി.ആർ അനുസരിച്ചാണ് ജനങ്ങളുടെ പൊതുസമാധാനത്തിനും പൊതുശാന്തിക്കും ലംഘനമുണ്ടാക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ തടയുന്നതിനായി ഒരു വർഷത്തേക്കുളള സമാധാന പാലനത്തിനുള്ള ബോണ്ടിൽ ഏർപ്പെടുവാൻ നിർദ്ദേശിച്ചിരിക്കുന്നത്. ആലപ്പുഴ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരായി 75,000 രൂപ വീതമുള്ള തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യക്കാരുടെ ഒരു വർഷത്തേക്കുള്ള സമാധാന പാലനത്തിനുളള ബോണ്ടിൽ ഒപ്പിടാനാണ് നിർദേശം.
ആലപ്പുഴ നോർത്ത് പൊലിസ് സ്റ്റേഷനിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 152-ാം വകുപ്പ് പ്രകാരമാണ് നടപടി. ആലപ്പുഴ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ എം.സി. 535/2026 നമ്പർ കേസിൽ കഴിഞ്ഞ 13-നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.നായകളെ കുളിപ്പിച്ച വെള്ളം പൊതുവഴിയിലേക്ക് ഒഴുക്കുന്ന ഇവരുടെ അനധികൃത നായവളര്ത്തലിനെതിരേയാണ് പരാതിയുമായി നാട്ടുകാര്‍ പോലീസിനെ സമീപിച്ചത്. പൊതുവഴിയില്‍ നാട്ടുകാര്‍ക്ക് ശല്യമാകുന്ന തരത്തില്‍ തെരുവുനായകള്‍ക്ക് ഭക്ഷ്യമാലിന്യം നല്‍കുകയും അത് ചോദ്യം ചെയ്യുന്നവര്ക്കുനേരേ അസഭ്യവര്‍ഷം നടത്തുകയുമാണ് പ്രീതി ബിനുവെന്നായിരുന്നു നാട്ടുകാര്‍ പരാതിയില്‍ പറഞ്ഞിരുന്നത്. ഇത് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
വിവാഹസ്ഥലങ്ങളില്‍ നിന്നും മറ്റുമുള്ള വേസ്റ്റും പ്ലാസ്റ്റിക് മാലിന്യങ്ങളുമെടുത്ത് ഇവര്‍ നടത്തിയിരുന്ന ഹോംസ്റ്റേയുടെ ഉള്ളിലിട്ട് ദിവസങ്ങള്‍ കൊണ്ടാണ് കത്തിച്ച് നശിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് പരാതി നല്‍കിയിരുന്നത്.
ഈ പരാതിയില്‍ തുടരന്വേഷണത്തിന് ജില്ലാകളക്ടര്‍ ജില്ലാ പോലീസ് ചീഫിനും നഗരസഭാ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാതെ ഇവര്‍ ഇത് തുടരുകയായിരുന്നു. തുടർന്ന് ഇവരുടേത് അനധികൃത നായ വളര്‍ത്ത് കേന്ദ്രമാണെന്നു ഇവിടന്ന് നായകളെ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നോര്‍ത്ത് സിഐ എം.ജെ. അരുണാണ് ആലപ്പുഴ ആര്‍ഡിഒയ്ക്ക് റപ്പോര്‍ട്ട് നല്‍കിയത്.
അനധികൃത നായ വളര്‍ത്തല്‍ കേന്ദ്രമായതിനാല്‍ ഇവയെ ഇവിടെനിന്ന് മാറ്റാന്‍ ഇവരോട് നിര്‍ദ്ദേശിക്കാമെന്നും അത് ചെയ്തില്ലെങ്കില്‍ നഗരസഭയുടെ നേതൃത്വത്തില്‍ നായകളെ ഇവിടെ നിന്നു മാറ്റുകയും അതിനുള്ള ചെലവ്, കേന്ദ്രം നടത്തുന്നവരില്‍ നിന്ന് ഈടാക്കുകയും ചെയ്യാമെന്നുമാണ് സിഐയുടെ റിപ്പോര്‍ട്ടിലുള്ളത്.
കോടതി ഈ വിഷയം പരിശോധിച്ചു. ഇവരുടെ പ്രവൃത്തികൾ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കുവാനും ഇടയുള്ളതാണ്. പ്രദേശത്തെ പൊതുജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നും കോടതി ഉത്തരവിൽ പറയുന്നു.
Tags :