കണ്ണൂർ ദസറയുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂർ: കണ്ണൂര്‍ എന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗമെന്ന് പറയാവുന്ന വിധത്തില്‍ നഗരത്തിന്റെ യശസുയര്‍ത്തുന്ന ആഘോഷപരിപാടിയായി കണ്ണൂര്‍ ദസറ മാറിയെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. കണ്ണൂര്‍ ദസറയുടെ എട്ടാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിനെ ഉയര്‍ത്തുകയും വളര്‍ത്തുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്ന ഒന്നാണ് കണ്ണൂര്‍ ദസറ. കലയുടെയും തിറയുടെയും പാരമ്പര്യം ഉള്‍ക്കൊള്ളുന്ന നാടാണ് കണ്ണൂരെന്നും അറക്കലും ചിറക്കലും നിലകൊള്ളുന്ന കടലോരം മുതല്‍ മലയോരം വരെ പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ജില്ലയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായം, കൃഷി, വാണിജ്യം തുടങ്ങിയ മേഖലകള്‍ക്കും കണ്ണൂര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇവയൊക്കെ ഉപയോഗപ്പെടുത്തി വലിയ പുരോഗതി കൈവരിക്കാന്‍ നമുക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സോന ജയറാം അധ്യക്ഷത വഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
ദസറയിൽ ഇന്ന്
സാംസ്കാരിക സമ്മേളനം മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും. പ്രേംകുമാർ, നിഖില വിമൽ എന്നിവർ വിശിഷ്ടാതിഥി കളാകും.
തുടർന്ന് നിയോണ നിഖിൽ അവതരിപ്പിക്കുന്ന ഭരതനാട്യം, പള്ളിക്കുന്ന് ബഡ്സ് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്, ശാസ്താംകോട്ടം ശിവ ക്ഷേത്രം വനിതാവേദി അവതരിപ്പിക്കുന്ന തിരുവാതിര, സായം പ്രഭാ ഹോം അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ്, ആരഭി കലാകേന്ദ്രം അവതരിപ്പിക്കുന്ന ഡാൻസ്.
ചിലങ്ക മാതൃസമിതി അവതരിപ്പിക്കുന്ന കോൽക്കളി, കലാമണ്ഡലം വിമലാദേവി, ചലങ്കാ കലാകേന്ദ്രം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ എന്നിവയ്ക്ക് ശേഷം ഗംഗ ശശിധരൻ അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ, അഥീന ഫോക് മെഗാ ഷോ എന്നിവ അരങ്ങേറും.
Tags :