പ്രതീകാത്മക ചിത്രം
ഹരിപ്പാട്: ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നങ്ങ്യാർകുളങ്ങര ബഥനി ഗേൾസ് ഹൈസ്കൂളിൽ ഇന്ന് നടക്കും. 2.30ന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും.
പുതുതലമുറയിൽ പത്രവായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും മലയാള ഭാഷയോടുള്ള സ്നേഹവും ആദരവും വളർത്തുന്നതിനുമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്. ദീപികയുടെ 140-ാം വാർഷികാഘോഷങ്ങളുടെയും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികത്തിന്റെയും പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ദീപിക പത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്. ഡോ. റെജി ന്യൂലാൻഡ് സ്പോൺസർ ചെയ്യുന്ന പദ്ധതിയിലൂടെയാണ് ഈ വിദ്യാലയത്തിലേക്ക് ദീപിക പത്രം നൽകുന്നത്.
ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് വിദ്യാർഥികൾ അവതരിപ്പിക്കുന്ന പ്രത്യേക ലഹരിവിരുദ്ധ സന്ദേശ പരിപാടിയും ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറും.
ബഥനി സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ നിർമൽ എസ്ഐസി അധ്യക്ഷത വഹിക്കും. ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ ആമുഖ സന്ദേശം നൽകും. സ്കൂൾ ഹെഡ്മിസ്ട്രസ് റൂബി വർഗീസ്, ജില്ലാ പഞ്ചായത്തംഗം ജോൺസ് തോമസ്, പഞ്ചായത്തംഗം രാജേഷ് രാമകൃഷ്ണൻ, പിടിഎ പ്രസിഡന്റ് സുനിൽ കെ. ജോർജ്, ഡിഎഫ്സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റോയി വേലിക്കെട്ടിൽ എന്നിവർ പങ്കെടുക്കും.
Tags : Local News Nattuvishesham Deepika Namdu's language project Minister Ramesh Chennithala