പ്രതീകാത്മക ചിത്രം
ആറന്മുള: പ്രളയബാധിത മേഖലകളിൽ കുടിവെള്ളക്ഷാമം. കിണറുകളിൽ പ്രളയജലം കയറി മലിനപ്പെട്ടതോടെയാണ് ജലക്ഷാമം രൂക്ഷമായത്. ജലഅഥോറിറ്റിയുടെ പന്പ് ഹൗസുകളിൽനിന്നുള്ള പന്പിംഗും നിലച്ചിരിക്കുകയാണ്. നദികളിൽനിന്നുള്ള പ്രളയജലം കയറി കുടിവെള്ളസ്രോതസുകൾ മലിനപ്പെടുകയും ചെളി കയറി പന്പിംഗ് തടസപ്പെടുകയും ചെയ്തു.
സന്നദ്ധ സംഘടനകൾ നൽകുന്ന കുപ്പിവെള്ളമാണ് പലയിടത്തും കുടിവെള്ളമായി ഉപയോഗിക്കുന്നത്. ദുരിതാശ്വാസ ക്യാന്പുകളിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നുണ്ട്. മലിനപ്പെട്ട കിണറുകൾ വറ്റിച്ച് ക്ലോറിനേഷൻ നടത്തി മാത്രമേ ഇനി ഉപയോഗിക്കാനാകൂ. വെള്ളക്കൂടുതൽ കാരണം നിലവിൽ കിണർ വറ്റിക്കാനുമാകില്ല.
സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് വെള്ളം പുറത്തേക്കൊഴുകിയതും പരിസര മലിനീകരണം രൂക്ഷമാക്കിയിട്ടുണ്ട്. ഇത് കിണർ ജലവുമായി കൂടിക്കലർന്നതും സ്ഥിതിഗതികൾ രൂക്ഷമാക്കുന്നു. പ്രളയബാധിത മേഖലകളിൽ ആരോഗ്യ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.
അയിരൂരിൽ കനത്ത നഷ്ടം
കോഴഞ്ചേരി: വെള്ളപ്പൊക്കം അയിരൂര്‍ പഞ്ചായത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏഴ് മുതൽ 15 വരെ വാര്‍ഡുകളിലായി 260 ഓളം വീടുകളിലായി 800ലധികം ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അതോടൊപ്പം നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി. ഇടപ്പാവൂര്‍ ക്ഷേത്രത്തിനും നാശനഷ്ടം സംഭവിച്ചു.
ഇടപ്പാവൂരിലെ റേഷന്‍ കടയില്‍ വെള്ളം കയറി റവ, അരി അടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ ഉപയോഗശൂന്യമായി. വ്യാപാരികള്‍ക്കുണ്ടായ നഷ്ടം ലക്ഷക്കണക്കിന് രൂപയുടേതാണ്. മരങ്ങള്‍ വീണും നിരവധി വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അയിരൂര്‍ - കാഞ്ഞീറ്റുകര കുടിവെള്ള വതണ പദ്ധതിയിലും വ്യാപകമായ നഷ്ടം സംഭവിച്ചതുകാരണം അയിരൂര്‍ പഞ്ചായത്തിലെ കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്.
300ല്‍ അധികം കിണറുകളിൽ മാലിന്യം നിറഞ്ഞു. നിരവധി വീടുകളിലെ ഇലക്ട്രിക് സാധനങ്ങള്‍ അടക്കമുള്ള വീട്ടുപകരണങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കാര്‍ഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും ഉണ്ടായ നഷ്ടങ്ങള്‍ കണക്കുകൂട്ടിക്കൊണ്ടിരിക്കുകയാണ്.
വെള്ളപ്പൊക്കം ബാധിച്ച മുഴുവന്‍ വീടുകളിലും കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്ന പ്രവര്‍ത്തനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലില്‍ അറിയിച്ചു.
ശുചീകരണത്തിന് മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
വെള്ളം കയറിയ വീടുകളിലെ ശുചീകരണ ജോലികൾ ശ്രദ്ധയോടെ വേണമെന്ന് ആരോഗ്യവകുപ്പ്. കൈയുറകള്‍, മാസ്ക് എന്നിവ ധരിച്ചു വേണം ശുചീകരണത്തിന് ഇറങ്ങേണ്ടത്. ചെളിയിലും വെള്ളത്തിലും വിഷപ്പാമ്പുകളോ മറ്റ് ജീവികളോ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചതിനു ശേഷം മാത്രമേ വീടിനുള്ളില്‍ കയറാവൂ. വയറിംഗും സ്വിച്ച് ബോര്‍ഡുകളും ഉണങ്ങിയ ശേഷം വിദഗ്ധ പരിശോധന നടത്തണം. ബ്ലീച്ചിംഗ് പൗഡര്‍ ലായനി: 1 ലിറ്റര്‍ വെള്ളത്തില്‍ 1-2 സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ കലക്കി തറയും ഭിത്തികളും കഴുകാം. അല്ലെങ്കില്‍ ലൈസോള്‍, ഡെറ്റോള്‍ പോലെയുള്ള അണുനാശിനികള്‍ ഉപയോഗിച്ച് തറയും പ്രതലങ്ങളും തുടച്ച് വൃത്തിയാക്കണം. പ്രളയജലം കയറിയ പാത്രങ്ങളും തുണികളും തിളച്ച വെള്ളത്തില്‍ കഴുകി ഉണക്കണം.
പ്രളയജലം നിറഞ്ഞ ഭക്ഷണസാധനങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഒഴിവാക്കണം. പ്രളയജലം കലര്‍ന്ന കിണറുകളിലെ വെള്ളം അണുവിമുക്തമാക്കാതെ ഉപയോഗിക്കരുത്. കിണറ്റിലെ മലിനജലവും ചെളിയും പമ്പ് ഉപയോഗിച്ച് പരമാവധി വറ്റിച്ചു കളയുക, പുതിയ വെള്ളം ഊറി വന്നതിനു ശേഷം ക്ലോറിനേഷന് നടത്തണം. ക്ലോറിന്‍ ചെയ്ത ശേഷം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കിണറ്റില്‍നിന്ന് വെള്ളം കോരരുത്. ക്ലോറിനേറ്റ് ചെയ്ത കിണറ്റിലെ വെള്ളമാണെങ്കിലും കുടിക്കാന്‍ കുറഞ്ഞത് 10 മിനിറ്റ് നന്നായി തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക.
പ്രളയജലവുമായോ ചെളിയുമായോ സമ്പര്‍ക്കത്തില്‍ വന്നവര്‍ എലിപ്പനി തടയുന്നതിനുള്ള ഡോക്സിസൈക്ലിന്‍ ഗുളികകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലും ശ്രദ്ധചെലുത്തണം. ചത്ത ജീവികളുടെ അവശിഷ്ടങ്ങള്‍, നശിപ്പിച്ച ഭക്ഷണസാധനങ്ങള്‍ എന്നിവ കുഴിച്ചുമൂടി മുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറണം. എന്നിങ്ങനെയാണ് ആരോഗ്യ വിഭാഗം ദുരിത ബാധിതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം
Tags : Nattuvishesham Local News Disaster flood-affected areas drinking water