ആത്മ പേരാമ്പ്ര ബ്ലോക്ക്തല കർഷക അവാർഡ് വിതരണവും ആദരിക്കലും
പേരാമ്പ്ര: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി പേരാമ്പ്ര ബ്ലോക്ക് തല കർഷക അവാർഡ് വിതരണവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. 2026-27 വർഷത്തെ ബ്ലോക്ക് തല കർഷക അവാർഡുകൾ വിവിധ വിഭാഗങ്ങളിലായി വിതരണം ചെയ്തു. മികച്ച സമ്മിശ്ര കർഷകനായി ചെറുവണ്ണൂരിലെ കെ.പി. മുഹമ്മദ് ഫൈസൽ, മികച്ച തേനീച്ച കർഷകനായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട് കുമ്പുക്കൽ കെ.എം. ജോർജ്, മികച്ച പഴ വർഗ കൃഷി ചെയ്യുന്ന കർഷകനായി പൂഴിത്തോട്ടിലെ വെട്ടിക്കൽ ബോബൻ ജോസഫ് എന്നിവർക്ക് 10,000 രൂപ ക്യാഷ് പ്രൈസും ഫലകവും അടങ്ങിയ അവാർഡുകൾ വിതരണം ചെയ്തു.സംസ്ഥാന കൃഷിവകുപ്പിന്റെ കേരകേസരി അവാർഡ് നേടിയ കെ.കെ. സേവ്യർ കാര്യാവിലിനെയും സംസ്ഥാനതല കർഷകോത്തമ അവാർഡിന് കോഴിക്കോട് ജില്ലയിൽനിന്ന് സംസ്ഥാന തലത്തിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ചെറുവണ്ണൂരിലെ കെ.ടി. പത്മനാഭൻ പൂളക്കണ്ടിയെയും ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദാ പാറമേൽ അധ്യക്ഷത വഹിച്ചു.
Tags :