പ്രതീകാത്മക ചിത്രം
ആലപ്പുഴ: മഴ ശക്തമായതോടെ ജില്ല വീണ്ടും പ്രളയഭീതിയിൽ. കുട്ടനാട്, അപ്പർകുട്ടനാട് മേലകളിലേക്ക് പമ്പ, അച്ചൻകോവിലാർ കരകവിഞ്ഞാണ് ജലം ഇരച്ചെത്തുന്നത്. അടിയന്തരസാഹചര്യം നേരിടാൻ ജില്ലയിൽ കൺട്രോൾ റൂം തുറന്നു. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയത്. മഴക്കെടുതിയിൽ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കുമാരപുരം ഏഴാം വാർഡിൽ അമ്പിയിൽ കിഴക്കതിൽ മണികണ്ഠന്റെ വീടിനു മുകളിലേക്ക് ഇന്നലെ പുലർച്ചെ രണ്ടോടെ സമീപത്തെ പുരയിടത്തിൽനിന്നിരുന്ന ആഞ്ഞിലിമരം വീണു. ചെങ്ങന്നൂർ വെൺമണി പഞ്ചായത്തിൽ മറ്റൊരു വീടും ഭാഗികമായി തകർന്നു. നാലാംവാർഡിൽ ചിങ്ങംകൂട്ടത്തിൽ കുഞ്ഞിക്കുട്ടിയുടെ വീടാണ് തകർന്നത്.
പുന്നമട ഡോക്ചിറക്ക് സമീപം പോഞ്ഞിക്കരയിൽ മരംവീണ് രണ്ട് ബോട്ടുകൾക്ക് കേടുപാടുകളുണ്ടായി. ഫയർഫോഴ്സെത്തി മരംമുറിച്ചുമാറ്റി. ഏഴിടത്ത് മരംവീണ് ഗതാഗത തടസമുണ്ടായി. ആലപ്പുഴ ശവക്കോട്ടപാലം, കലവൂർ ലെപ്രസി, അമ്പനാംകുളം ക്ഷേത്രം എന്നിവക്ക് സമീപം നിന്നിരുന്ന മരങ്ങളാണ് വീണത്. ആലപ്പുഴ കറുത്തകാളി പാലത്തിനുസമീപത്തെ ട്രാൻസ്ഫോർമർ നിലനിന്നിരുന്ന വൈദ്യുതി പോസ്റ്റ് കനാലിലേക്ക് മറിഞ്ഞു.
ലഭിച്ചത് 62.24 മില്ലി മീറ്റർ മഴ
ഇന്നലെ ജില്ലയിൽ 62.24 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ചേർത്തലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 97.6 മില്ലി മീറ്റർ. മങ്കൊമ്പ്-65.4, കാർത്തികപ്പള്ളി-48.4, മാവേലിക്കര-50.8, കായംകുളം- 49.00 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ മഴകണക്ക്.
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടി പമ്പ, മീനച്ചിലാർ കരകവിഞ്ഞതോടെ പള്ളാത്തുരുത്തി, നെടുമുടി, കരുമാടി, കാവാലം, മങ്കൊമ്പ്, ചമ്പക്കുളം, നീരേറ്റുപുറം, എടത്വ, തകഴി, വീയപുരം, പള്ളിപ്പാട് പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീതിയിലാണ്.
തലവടി കുതിരച്ചാൽ-കുന്നുമാടി പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം വീടുകളിലേക്ക് കയറിത്തുടങ്ങിയതോടെ കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.
കടലേറ്റം രൂക്ഷം
ശക്തമായ മഴയിൽ അമ്പലപ്പുഴ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയിൽ കടലേറ്റം രൂക്ഷമായി. അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിൽ സ്ഥിതി രൂക്ഷമാണ്. പലയിടത്തും തിരമാലകൾ വീടുകളിലേക്ക് അടിച്ചുകയറി. വീടുകൾ തകർച്ചാഭീഷണിയിലാണ്.
കുട്ടനാടിന് ആശങ്കവേണ്ട: ജില്ലാ കളക്ടർ
സമീപജില്ലകളിലെ കനത്തമഴയിൽ കുട്ടനാടിന് ആശങ്കവേണ്ടെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ. തോട്ടപ്പള്ളി പൊഴി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻവെള്ളം ഒഴുകിപ്പോകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ കൂടുതൽ തുറക്കും. അന്ധകാരനഴിയുടെ ഷട്ടറുകളും തുറന്ന് ജലം ഒഴുക്കിവിടും. കിഴക്കൻ വെള്ളം ജില്ലയിൽ ആദ്യമെത്തുന്ന ചെങ്ങന്നൂരിലേക്ക് 20 അംഗ എൻഡിആർഎഫ് സംഘത്തെയും ബോട്ടുകളും അടിയന്തരമായി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.