ചുമത്രയിൽ കെട്ടിക്കിടക്കുന്ന മലിനജലം.
തിരുവല്ല: ഓട മണ്ണ് നിറഞ്ഞു മൂടിയതോടെ നാല്പതോളം കുടുംബങ്ങൾ ദുരിതത്തിൽ. തിരുവല്ല നഗരസഭയിലെ 32-ാം വാർഡിൽ ചുമത്ര മുസ്ലിം പള്ളിക്ക് സമീപമുള്ള കുടുംബങ്ങളാണ് വെള്ളക്കെട്ട് മൂലം ദുരിതത്തിലായിരിക്കുന്നത്.
കുറ്റിയച്ചൻമുക്ക് മുതൽ റെയിൽവേ ലൈനിന്റെ ഇടയിലുള്ള പിഡബ്ല്യുഡി റോഡിൽ വെള്ളം ഒഴുകിപ്പോകാൻ സ്ഥാപിച്ചിരുന്ന പൈപ്പ് മണ്ണ് നിറഞ്ഞു മൂടിയതുമൂലം ഈ പ്രദേശങ്ങളിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഈ പ്രദേശത്തെ ജനജീവിതം ഏറെ ദുഃസഹമാണ്. ചെറിയ മഴ പെയ്താൽ പോലും കെട്ടിക്കിടക്കുന്ന മലിനജലം വീടുകൾക്കുള്ളിലേക്കു കയറുക പതിവാണ്. കൂടാതെ ഓടകളിലെയും പരിസരങ്ങളിലെയും മാലിന്യങ്ങളുംകൂടി വെള്ളത്തിൽ കലർന്ന് രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.
കൊതുകുകളുടെയും മറ്റ് പ്രാണികളുടെയും ശല്യവും ഏറെയാണ്. വീടുകൾക്ക് ഉള്ളിലും പരിസരങ്ങളിലും എപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നതുമൂലം പല വീടുകളുടെയും ഭിത്തികൾ വിണ്ടുകീറി ബലക്ഷയം നേരിടുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ആരോഗ്യ പ്രശനങ്ങൾ പതിവാണ്. റോഡിൽ സ്ഥാപിച്ചിരുന്ന പൈപ്പ് മാറ്റി പകരം ജലനിർഗമനത്തിനായി കലുങ്ക് സ്ഥാപിക്കണമെന്ന് വർഷങ്ങളായിട്ടുള്ള ആവശ്യം അധികാരികൾ കണ്ടില്ലെന്നു നടിക്കുകയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. ജലം ഒഴുക്കി കളയുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ ആർ. മനു ആവശ്യപ്പട്ടു.
Tags :