പക്ഷികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ മൊഗ്രാൽ ദേശീയവേദി പ്രവർത്തകരുടെ വീട്ടുപരിസരങ്ങളിൽ തണ്ണീർക്കുടങ്ങളൊരുക്കുന്നു.
മൊഗ്രാൽ: വേനൽച്ചൂടിൽ പക്ഷികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ വീട്ടുപരിസരങ്ങളിൽ തണ്ണീർക്കുടങ്ങളൊരുക്കി മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ. കഴിഞ്ഞ വർഷം വേനൽ കനത്തതോടെ കുമ്പള പഞ്ചായത്തിൽ നിരവധി പക്ഷികൾ ചത്തൊടുങ്ങിയിരുന്നു. ഈ അനുഭവത്തിൽനിന്ന് പാഠമുൾക്കൊണ്ടാണ് ഈ വർഷം പരമാവധി ഇടങ്ങളിൽ തണ്ണീർക്കുടങ്ങളൊരുക്കുന്നതെന്ന് ദേശീയവേദി ഭാരവാഹികൾ പറഞ്ഞു.
ദേശീയവേദി ജോയിന്റ് സെക്രട്ടറി അഷ്റഫിന്റെ വീട്ടുപറമ്പിൽ തണ്ണീർക്കുടങ്ങൾ സ്ഥാപിച്ച് പ്രസിഡന്റ് സിദ്ദിഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.എം. മുഹമ്മദ് കുഞ്ഞി, ബി.എ. മുഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ് കുഞ്ഞി, എച്ച്.എ. കരീം എന്നിവർ നേതൃത്വം നൽകി.