രാമപുരത്ത് അപകടത്തിൽപെട്ട പാർസൽ ലോറി .
പഴയങ്ങാടി: പിലാത്തറ–പാപ്പിനിശേരി കെഎസ്ടിപി റോഡിൽ അപകടങ്ങൾക്ക് ശമനമില്ല. രാമപുരം ഭാസ്കരൻ പീടിക ഇറക്കത്തിൽ നിയന്ത്രണംവിട്ട പാർസൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. പഴയങ്ങാടി ഭാഗത്തുനിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇറക്കത്തിൽ നിയന്ത്രണംവിട്ട് എതിർദിശയിലേക്ക് മറിയുകയായിരുന്നു. സമീപത്തെ വൈദ്യുതത്തൂണിൽ ഇടിച്ചാണ് ലോറി നിന്നത്.
റോഡ് ടാറിംഗ് നടത്തിയതിനുശേഷം രാമപുരം ഇറക്കത്തിൽ മാത്രം 25 ലേറെ അപകടങ്ങൾ നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനങ്ങളുടെ അമിതവേഗവും റോഡിലെ അപാകതകളും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.
അപകടങ്ങളുടെ തുടർച്ചയ്ക്ക് കാരണമെന്തെന്ന് അധികൃതർ വിശദമായി അന്വേഷിക്കണമെന്നും റോഡിലെ അപാകതകൾ പരിഹരിച്ച് ശാശ്വതമായ സുരക്ഷാ സംവിധാനം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags :