ഹൊസ്ദുർഗ് സബ് ട്രഷറിക്കായി നിർമിച്ച പുതിയ കെട്ടിടം.
കാഞ്ഞങ്ങാട്: പണി തീരുംമുമ്പേ തെരഞ്ഞെടുപ്പ് വന്നപ്പോൾ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയ ഹൊസ്ദുർഗ് സബ് ട്രഷറിയുടെ പുതിയ കെട്ടിടം എട്ടുമാസമായിട്ടും പ്രവർത്തനസജ്ജമായില്ല.
കെട്ടിടത്തിന്റെ ഫിനിഷിംഗ് ജോലികളും ചുറ്റുമതിൽ ഉൾപ്പടെ പൂർത്തിയാക്കിയത് ഉദ്ഘാടനത്തിനു ശേഷമാണ്. അകത്ത് കാബിനുകളുടെയും കൗണ്ടറുകളുടെയും നിർമാണമടക്കമുള്ള ഫാബ്രിക്കേഷൻ ജോലികൾ ഇനിയും പൂർത്തിയാകാനുള്ളതു മൂലമാണ് കെട്ടിടം തുറക്കാൻ വൈകുന്നതെന്നാണ് സൂചന.
ഹൊസ്ദുർഗ് ടൗണിൽ നഗരസഭ ഓഫിസിനു സമീപം പ്രവർത്തിച്ചിരുന്ന സബ് ട്രഷറിയുടെ കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് നിർമിച്ചത്. പഴയ കെട്ടിടം പൊളിക്കുന്നതിനു മുന്നോടിയായി സബ് ട്രഷറിയുടെ പ്രവർത്തനം താത്കാലികമായി ആലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലേക്കു മാറ്റിയിരുന്നു.കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ട്രഷറിയിലെത്താൻ പെൻഷൻകാരടക്കമുള്ള ഇടപാടുകാർ ഏറെബുദ്ധിമുട്ടുകയാണ്.
ഉദ്ഘാടനത്തിനു മുമ്പ് അതിവേഗതയിലാണ് കെട്ടിടത്തിന്റെ നിർമാണപ്രവൃത്തികൾ നടന്നിരുന്നത്. കഴിഞ്ഞ മാർച്ച് 10നാണ് അന്നത്തെ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ ഇതിനുശേഷം അവശേഷിച്ച ജോലികൾ മന്ദഗതിയിലായതായി ട്രഷറി ഇടപാടുകാർ പറയുന്നു.
പണി പൂർത്തിയാകാത്ത കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുന്നതിനെതിരേ അന്ന് യുഡിഎഫിന്റെയും അനുബന്ധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധവും നടന്നിരുന്നു.ഈ സാമ്പത്തികവർഷം കഴിയുന്നതിനുമുമ്പ് എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി പുതിയ കെട്ടിടത്തിലേക്കു മാറാൻ കഴിയുമെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം.അതിനുമുമ്പ് ഇപ്പോൾ ധനകാര്യവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയെ തന്നെ കൊണ്ടുവന്ന് വീണ്ടുമൊരു ഉദ്ഘാടനത്തിന് കഴിയുമോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
Tags :