പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഇഎസ്എ വിഷയത്തിൽ മലയോര മേഖല ആശങ്കയിൽ നിൽക്കെ കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ സർക്കാരുകളുടെ മുന്നിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തുകൾ.
ഇതിനായി പ്രത്യേക ഗ്രാമസഭകൾ ചേർന്ന് വിഷയങ്ങൾ ചർച്ച ചെയ്യുകയും പൊതുജന ആഭിപ്രയാങ്ങൾ തേടുകയും ചെയ്തു. ഇന്നലെ കട്ടിപ്പാറ, തിരുവന്പാടി പഞ്ചായത്തുകളിലാണ് പ്രത്യേക ഗ്രാമസഭകൾ ചേർന്നത്. ഇഎസ്എ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്ന് ഗ്രമാസഭകളിൽ ആവശ്യം ഉയർന്നു. കൂരാച്ചുണ്ട് പഞ്ചായത്തിൽ നിന്ന് പ്രത്യേക സംഘം മുഖ്യമന്ത്രി കണ്ട് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന് പൊതു ജനങ്ങളുടെ ഒപ്പു ശേഖരിച്ച് കത്ത് അയക്കുകയും ചെയ്യുന്നുണ്ട്.
"പൈതൃക പട്ടികയിൽ നിന്ന് പശ്ചിമഘട്ട പ്രദേശത്തെ ഒഴിവാക്കണം'
കട്ടിപ്പാറ: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ നിന്ന് പശ്ചിമഘട്ട പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരേ കട്ടിപ്പാറ പഞ്ചായത്തിൽ ചേർന്ന പ്രത്യേക ഗ്രാമസഭ കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
2012 ജൂലൈ രണ്ടിനാണ് യുനെസ്കോ ലോക പൈതൃക പട്ടികയിൽ പശ്ചിമഘട്ടം ഉൾപ്പെട്ടത്. പശ്ചിമഘട്ട പ്രദേശങ്ങൾ പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ഇഎസ്എ പരിധിയിൽ കട്ടിപ്പാറ, കെടവൂർ തുടങ്ങിയ വില്ലേജുകൾ ഉൾപ്പെടാൻ കാരണമായത്. വില്ലേജ് ഒരു ഭരണപരമായ യൂണിറ്റാണ്. അതിനകത്ത് വനഭൂമി, സംരക്ഷിത മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ, വീടുകൾ, വ്യാപാര കേന്ദ്രങ്ങൾ, ആശുപത്രികൾ തുടങ്ങിയവ ഒരുമിച്ച് നിലനിൽക്കും. അതിനാൽ വില്ലേജുകളെ ഇഎസ്എയുടെ അടിസ്ഥാന യൂണിറ്റായി സ്വീകരിക്കുന്ന രീതി ഒഴിവാക്കി കൃത്യമായ ജിഐഎസ് അധിഷ്ഠിത മാപ്പിംഗ് സംവിധാനം ഉപയോഗിക്കേണ്ടതാണെന്നും പ്രമേയം ആവശ്യപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജെയിംസ് അവതരിപ്പിച്ച പ്രമേയത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. സുഫീറ പിന്തുണച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. സജീന അധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഹിം, ജനപ്രതിനിധികളായ നിധീഷ് കല്ലുള്ളതോട്, കെ.ടി. മുഹമ്മദലി, മുഹമ്മദ് മോയത്ത്, ഷാൻ മാസ്റ്റർ, ഷെല്ലി ജോസ് തടത്തിൽ, ബാബു കുരിശിങ്കൽ, സി.കെ.സി. അസൈനാർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
കൂരാച്ചുണ്ടിൽ നിന്നുള്ള സംഘം മുഖ്യമന്ത്രിയെ കണ്ടു
കൂരാച്ചുണ്ട്: ഇഎസ്എ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്ന ആവശ്യവുമായി കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് നിവേദനം നൽകി. പഞ്ചായത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി മന്ത്രിമാരായ കെ. മുരളീധരൻ, എ.പി. അനിൽകുമാർ എന്നിവരെയും സന്ദർശിച്ചു.
കൂരാച്ചുണ്ട് ട്രഷറി കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിക്കുക, കൂരാച്ചുണ്ട് സിഎച്ച്സിയിൽ 24 മണിക്കൂർ കിടത്തി ചികിത്സ ആരംഭിക്കണമെന്നും, കൂരാച്ചുണ്ട് വില്ലേജിലെ കർഷകരുടെ ഭൂനികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവും അറിയിച്ചു. പൊതുശ്മശാന നിർമാണം ആരംഭിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങൾ നീക്കുന്നതിന് കിഫ്ബി, ഇംപാക്ട് കേരള ഉദ്യോഗസ്ഥരെയും സന്ദർശിച്ചു.
ബ്ലോക്ക് അംഗം അരുൺ ജോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട, യുഡിഎഫ് കൺവീനർ ഒ.കെ. അമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.
ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണം: യുഡിഎഫ്
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചെമ്പനോട, ചക്കിട്ടപാറ വില്ലേജുകളെ ഇഎസ്എയിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്ന് യുഡിഎഫ് പഞ്ചായത്ത് നേതൃ യോഗം ആവശ്യപ്പെട്ടു.
വന്യമൃഗ ഭീഷണിയിൽ കർഷകർ ഇപ്പോൾ തന്നെ പ്രതിസന്ധി നേരിടുന്നുണ്ട്. ഇഎസ്എയും ബാധകമായാൽ കൃഷി പൂർണമായി ഉപേക്ഷിക്കേണ്ടി വരുമെന്നും യോഗം അഭിപ്രായപ്പെട്ടു. തർക്കങ്ങളും തടസങ്ങളും പരിഹരിച്ച് ചക്കിട്ടപാറയിലെ മലയോര ഹൈവേ നിർമാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. റെയിൽ ഡിവിഷൻ പ്രശ്നത്തിൽ 23 ന് വടകരയിൽ ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ നടത്തുന്ന ലോംഗ് മാർച്ച് വിജയിപ്പിക്കാനും തീരുമാനിച്ചു.ഡിസിസി ജനറൽ സെക്രട്ടറി പി. വാസു ഉദ്ഘാടനം ചെയ്തു. ജോർജ് മുക്കള്ളിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, ആവള ഹമീദ്, രാജൻ വർക്കി, ബാബു കൂനന്തടം, ടി.പി. സൂപ്പി, തോമസ് ആനത്താനം, ഗിരിജ ശശി, പാപ്പച്ചൻ കൂനന്തടം, രതീഷ് കോമച്ചങ്കണ്ടി, ബാബു പള്ളിക്കുടം, കുഞ്ഞമ്മദ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു.
തിരുവമ്പാടി പഞ്ചായത്തിനെ ഒഴിവാക്കണം
തിരുവമ്പാടി: ഇഎസ്എ വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളും തോട്ടഭൂമികളും പൂർണമായി ഒഴിവാക്കണമെന്നും, വനഭൂമി വനഭൂമിയായി മാത്രം നിലനിർത്തി തിരുവമ്പാടി പഞ്ചായത്തിനെ ഇഎസ്എ പരിധിയിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്നും തിരുവമ്പാടി പഞ്ചായത്തിൽ ചേർന്ന പ്രത്യേക ഗ്രാമസഭ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബിജു താനിക്കാക്കുഴി മുഖ്യപ്രഭാഷണം നടത്തി.കേന്ദ്ര വിജ്ഞാപനത്തിലെ വ്യവസ്ഥകൾ ജനങ്ങളുടെ സ്വാഭാവിക ജീവിതത്തെയും കാർഷിക മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഗ്രാമസഭയിൽ ഉയർന്നു. ഇഎസ്എ കരട് വിജ്ഞാപനത്തിൽ നിന്ന് തിരുവമ്പാടി പഞ്ചായത്തിനെ പൂർണമായി ഒഴിവാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്ന പ്രമേയം പഞ്ചായത്ത് അംഗം ബോസ് ജേക്കബ് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, സ്ഥിരംസമിതി അധ്യക്ഷരായ മനോജ് വാഴെപ്പറമ്പിൽ, ഫിറോസ് ഖാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപാ ഷൈജോ, പൊതുപ്രവർത്തകരായ ബാബു പൈക്കാട്ടിൽ, ടി.ജെ. കുര്യാച്ചൻ എന്നിവർ പ്രസംഗിച്ചു.
ഷിനോയ് അടക്കാപ്പാറ, മുജീബ് റഹ്മാൻ, ഗണേഷ് ബാബു, ശ്രീധരൻ പേണ്ടാനത്ത്, ഏബ്രഹാം മാനുവൽ, ജോസ് മാത്യു തുടങ്ങിയവർ ഗ്രാമസഭയിൽ പങ്കെടുത്തു.
കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
പുതുപ്പാടി: പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിന് എതിരേ അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ അങ്ങാടിയിൽ കർഷക പ്രതിഷേധ കൂട്ടായ്മസംഘടിപ്പിച്ചു. പുതുപ്പാടിയിലെ ജനവാസ മേഖലകൾ, കൃഷിഭൂമി, പരമ്പരാഗത തോട്ടം ഭൂമി, സ്കൂളുകൾ തുടങ്ങിയവ പരിസ്ഥിതി ലോല മേഖല പരിധിയിൽ നിന്ന് ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുതുപ്പാടി വില്ലേജിലെ പ്രദേശവാസികളിൽ നിന്ന് താമരശേരി കിസാൻസഭ മണ്ഡലം കമ്മിറ്റി അംഗങ്ങൾ ഒപ്പുശേഖരണം നടത്തി.
പൊതുസമ്മേളനം കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി, ജില്ലാ കമ്മിറ്റി അംഗം മോഹനൻ, ടി.എം. പൗലോസ്, ഷാജു ചൊള്ളാമഠത്തിൽ, സുരേന്ദ്രൻ മടവൂർ, പി.സി. തോമസ്, മണ്ഡലം സെക്രട്ടറി ഷാജു ചൊള്ളാമഠത്തിൽ, ജിമ്മി തോമസ് എന്നിവർ പ്രസംഗിച്ചു.