പ്രതീകാത്മക ചിത്രം
കരുവാരകുണ്ട്: മലയോരജനതയുടെ ജീവിതം തകര്‍ക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് പിന്‍വലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ മലയോര ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം കരുവാരകുണ്ട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവാരകുണ്ട് ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതത്തെയും കൃഷിയെയും ബാധിക്കുന്ന നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും മലയോര കര്‍ഷകര്‍ പരിസ്ഥിതി സംരക്ഷകരാണന്നും നേതാക്കള്‍ പറഞ്ഞു. നാടിനെ കാടാക്കാനുള്ള സര്‍ക്കാരിന്റെയും ചില ഉദ്യോഗസ്ഥരുടെയും നിലപാടിനെതിരേയും സിപിഎം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂര്‍ണമായും ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വനഭൂമി മാത്രം ഉള്‍പ്പെടുത്തി നേരത്തേ നല്‍കിയിരുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്ന ഭൂരേഖയില്‍ കൃത്രിമം സൃഷ്ടിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ജനവാസ മേഖലയും കൃഷിഭൂമിയും സംരക്ഷിച്ച് വ്യക്തതയുള്ള മാപ്പ് തയാറാക്കി കേന്ദ്ര സര്‍ക്കാരിന് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും നേതാക്കള്‍ പറഞ്ഞു. ഇ. ലിനീഷ് ഉദ്ഘാടനം ചെയ്തു. എ.കെ സജാദ് ഹുസൈന് അധ്യക്ഷത വഹിച്ചു. കെ.കെ. ജയിംസ്, മഠത്തില്‍ ലത്തീഫ്, ശിഹാബ് കുട്ടത്തി, പി. കുഞ്ഞാപ്പു ഹാജി, ടി.പി. ബാലന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham ESA hill regions