ഏഴിമല നാവിക അക്കാഡമിയിലെ ഐഎൻഎസ് സമോറിൻ കേന്ദ്രീയ വിദ്യാലയത്തിലെ ഗ്രൗണ്ടിൽ കണ്ടെത്തിയ യൂറോപ്യൻ റോളറുകൾ.
പയ്യന്നൂർ: ദക്ഷിണേന്ത്യയിൽ അത്യപൂർവമായി മാത്രം എത്തുന്ന ദേശാടന പക്ഷിയായ യൂറോപ്യൻ റോളറിനെ ഏഴിമലയിൽ കണ്ടെത്തി. യൂറോപ്പിൽനിന്നും മധ്യേഷ്യയിൽനിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും ആഫ്രിക്കയിലേക്കും ദേശാടനം നടത്തുന്ന പക്ഷിയാണിത്. ഇന്ത്യയിലേക്കുള്ള ദേശാടനത്തിൽ വടക്കേ ഇന്ത്യയിലെത്തുന്ന ഇവ ദക്ഷിണേന്ത്യയിലും കേരളത്തിലും അത്യപൂർവമായി മാത്രമേ എത്താറുള്ളൂ. ഇന്ത്യയിൽ സാധാരണയായി കാണപ്പെടുന്ന ഇന്ത്യൻ റോളർ പക്ഷിയിൽ നിന്ന് കാഴ്ചയിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട് യൂറോപ്യൻ റോളറിന്. പച്ചകലർന്ന നീലനിറമാണ് ഇന്ത്യൻ റോളറിനെങ്കിൽ യൂറോപ്യൻ റോളറിന് തിളങ്ങുന്ന ആകാശനീല (ഇളം നീല) നിറമാണ്. പിറക് വശത്ത് ഓറഞ്ച് കലർന്ന തവിട്ട് നിറവും ചിറകുകളുടെ അറ്റത്ത് കറുപ്പും നീലയും ചേർന്ന വ്യക്തമായ ബോർഡറുമാണ് ഇവയുടെ പ്രധാന പ്രത്യേകത.
ശൈത്യകാലത്ത് ഭക്ഷണം തേടി കേരളത്തിലെത്തുന്ന യൂറോപ്യൻ റോളർ ഇന്ത്യയിൽ കൂടുവച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. 2017-ലും ഏഴിമലയിൽ യൂറോപ്യൻ റോളറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മാടായിപ്പാറ, കാട്ടാമ്പള്ളി, പനയാൽ വയൽ, ബേഡക, പെരിയ (കൊട്ടിയൂർ) തുടങ്ങി കേരളത്തിലെ വിവിധ ആവാസവ്യവസ്ഥകളിലും ഈ വർഷം യൂറോപ്യൻ റോളറുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ യൂറോപ്യൻ റോളറുകൾ ഇത്തവണ ദക്ഷിണേന്ത്യയിലെത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഏഴിമല നാവിക അക്കാഡമിയിലെ ഐഎൻഎസ് സമോറിൻ കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ ആരോൺ ഖയാലാണ് പക്ഷിയെ നിരീക്ഷിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂൾ ഗ്രൗണ്ട് പരിസരത്തുനിന്ന് മറ്റ് രണ്ട് യൂറോപ്യൻ റോളറുകളെയും കണ്ടെത്തി. പക്ഷികളെ നിരീക്ഷിക്കുന്നതിൽ തത്പരനായ ആരോൺ ഖയാൽ പരിസ്ഥിതി സംരക്ഷണ രംഗത്ത് സജീവമായ 'വോക്ക് വിത്ത് വിസി' കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലും പഠനങ്ങളിലും സജീവമാണ്. നേവൽ ബേസ് ലൈബ്രേറിയനും പക്ഷിനിരീക്ഷകരുമായ ജമീല-മനോജ് കരിങ്ങാമഠത്തിൽ ദന്പതികളുടെ മകനാണ്.
Tags :