വി.ഡി. സതീശൻ
കൊച്ചി: കൊച്ചിയിൽ രൂക്ഷമാകുന്ന വായു മലിനീകരണത്തെക്കുറിച്ച് പഠിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാനുമായി ഈ മാസം തന്നെ വിദഗ്ധ സമിതി രൂപീകരിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കൊച്ചി നഗരസഭയും ജെയിൻ യൂണിവേഴ്സിറ്റിയും കാർഡിഫ് യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്യൂച്ചർ കൊച്ചി കോൺക്ലേവിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ വായുനിലവാര സൂചിക 188 കടന്നത് അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും ഡൽഹിക്ക് സമാനമായ സാഹചര്യത്തിലേക്ക് കൊച്ചിയെ വിട്ടുകൊടുക്കാൻ കഴിയില്ല.
മലിനീകരണം ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി നഗരത്തിലേക്ക് എത്തുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കേണ്ടതുണ്ട്. ഇതിനായി ബസ്, മെട്രോ, ജലഗതാഗത സംവിധാനങ്ങളെ കോർത്തിണക്കിക്കൊണ്ട് മികച്ചതും വിശ്വസനീയവുമായ പബ്ലിക് ട്രാൻസ്പോർട്ട് നെറ്റ്വർക്ക് കൊച്ചിയിൽ യാഥാർഥ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മിറ്റ് ഓഫ് ഫ്യൂച്ചർ മൂന്നാം പതിപ്പിന്റെ തീയതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടുത്ത വർഷം ഏപ്രിൽ 21-24 വരെയാണ് സമ്മിറ്റ് നടക്കുക. ഹൈബി ഈഡൻ എംപി അധ്യക്ഷത വഹിച്ച യോഗത്തിൽ മുഹമ്മദ് ഷിയാസ് എംഎൽഎ, ദീപക് ജോയ് എംഎൽഎ, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണുരാജാമണി എന്നിവർ പങ്കെടുത്തു.
Tags : air pollution nattuvishesham district news deepika news Expert committee study air pollution in Kochi