ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് സ്ഥലം സന്ദര്‍ശിക്കുന്നു.
ഉടുമ്പന്നൂര്‍: പഞ്ചായത്തിലെ കോട്ടക്കവല, കിഴക്കുംപാടം, വരിക്കമറ്റം, വേളൂര്‍, മലയിഞ്ചി, കച്ചിറമുഴി പ്രദേശങ്ങളിലെ ജനങ്ങളുടെ സൈ്വര ജീവിതത്തിനും സുരക്ഷയ്ക്കും ഭീഷണിയായി മാറിയ കാട്ടാനയെ വനത്തിനുള്ളിലേക്കു തുരത്തി. കോതമംഗലം, മുള്ളരിങ്ങാട്, കാളിയാര്‍, അറക്കുളം, തൊടുപുഴ റേഞ്ചുകളില്‍നിന്നുള്ള ആര്‍ആര്‍ടി സംഘവും വനപാലകരും ഉള്‍പ്പെടെ 25 ഉദ്യോഗസ്ഥര്‍ പ്രത്യേക ദൗത്യത്തില്‍ പങ്കെടുത്തു.
വേളൂരിനു സമീപമാണ് ആന നിലയുറപ്പിച്ചിരുന്നത്. ഈ ഭാഗത്തേക്കു പ്രവേശിക്കുന്നതിന് ജനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് നടപടികള്‍ ഏകോപിപ്പിച്ചത്. രാവിലെ ഒന്‍പതോടെ ആരംഭിച്ച ദൗത്യം ഉച്ച കഴിഞ്ഞാണ് അവസാനിച്ചത്.ദൗത്യസേനാംഗങ്ങള്‍ രണ്ടു സംഘമായി തിരിഞ്ഞ് ആനയെ തുരത്താനുള്ള നീക്കം നടത്തുകയായിരുന്നു. കൈതപ്പാറയില്നിന്ന് ഇടുക്കി വനമേഖലയിലെ കീഴാര്‍കുത്ത് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തേക്കാണ് ആനയെ തുരത്തിയത്. കാട്ടാനശല്യത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വനംവകുപ്പ് ആനയെ തുരത്താന്‍ പ്രത്യേക ദൗത്യത്തിന് രൂപം നല്‍കിയത്.
തൊടുപുഴ റേഞ്ച് ഓഫീസര്‍ മനു കെ. നായര്‍, വേളൂര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സാജി എം. ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. കാട്ടാനശല്യത്തിനു പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ ഇന്നു വനം വകുപ്പ് ഓഫീസിലേക്കു പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. പരിയാരത്തുനിന്നു വേളൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്കാണ് മാര്‍ച്ച്. പ്രതിരോധ നടപടികളുടെ അഭാവം മൂലം തുരത്തിയ ആന ജനവാസ മേഖലകളിലേക്കു തിരിച്ചെത്തുമോയെന്ന ഭയം നാട്ടുകാര്‍ക്ക് ഇപ്പോഴുമുണ്ട്.
കാട്ടാനയെ തുരത്തുന്നതിനായി എത്തിയ ആര്‍ആര്‍ടി സംഘാംഗങ്ങളുമായി വേളൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, റോയി കെ. പൗലോസ് എംഎല്‍എ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. അമയപ്ര ഭാഗത്ത് കാട്ടാനയിറങ്ങി നാശം വിതച്ച സ്ഥലങ്ങള്‍ അപു ജോണ്‍ ജോസഫിന്റെ നേത്യത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു .
മലയിഞ്ചിയില്നിന്നു കോട്ടക്കവല വരെയുള്ള ഒന്‍പത് കിലോമീറ്റര്‍ ഫെന്‍സിംഗിന്റെ തുടര്‍ച്ചയായി മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ കച്ചിറമുഴി വരെ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്കി. ജില്ലാ പഞ്ചായത്ത് മെംബര്‍ മനോജ് കോക്കാട്ട്, പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേന്ദ്രന്, ബ്ലോക്ക് പഞ്ചായത്തംഗം നിഷ എല്‍ദോസ്, പഞ്ചായത്തംഗങ്ങളായ ജോണ്സന് കുര്യന്, നൈസി ഡെനില്‍, സോമി അഗസ്റ്റിന്, സാം ജേക്കബ്, ഉടുമ്പന്നൂര്‍ പള്ളി വികാരി ഫാ. ജോണ്‍ മുണ്ടയ്ക്കല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പന്, യുഡിഎഫ് ചെയര്മാന് പി.എന്‍. നൗഷാദ് എന്നിവര്‍ പങ്കെടുത്തു.
Tags :