പയ്യന്നൂര്‍ ബൈപാസ് റോഡിലെ സോഫ, കുഷ്യന് നിര്‍മാണ സ്ഥാപനത്തിലുണ്ടായ തീ അണയ്ക്കാനുള്ള പയ്യന്നൂര്‍ അഗ്നിരക്ഷാസേനയുടെ ശ്രമം.
പയ്യന്നൂര്‍: പയ്യന്നൂരിലെ സോഫ,കുഷ്യന് നിര്‍മാണ സ്ഥാപനത്തില്‍ തീപിടിത്തം. ബൈപാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പൊന്നാനി സ്വദേശി സെല്‍വന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റ് വെല്‍ കുഷ്യന് ആന്‍ഡ് കര്ട്ടന് വര്‍ക്സിലാണ് തീപിടിത്തമുണ്ടായത്.
മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നേകാലോടെയാണ് തീപിടിത്തമുണ്ടായത്. സോഫകളുടെയും കുഷ്യനുകളുടെയും നിര്‍മാണത്തിനുള്ള സ്പോഞ്ചും റെക്സിനും ഉൾപ്പെടെയുള്ള സാധനങ്ങള്‍, മെഷീനുകള്‍, നിര്‍മാണം പൂര്‍ത്തിയാക്കിയ ഉത്പന്നങ്ങള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. തീയാളിപ്പടരുന്നത് കണ്ട് കടയ്ക്കുള്ളില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളി റഷീദ് പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് പയ്യന്നൂര്‍ ഫയര്‍ ആൻഡ് റെസ്ക്യു സ്റ്റേഷന് ഓഫിസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാസേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ മുറിയിലെ ആര്.ആര്. ഇലക്ട്രിക്കല്‍സിലേക്ക് തീപടരുന്നത് തടയാൻ അഗ്നിരക്ഷാ സേനയ്ക്കു കഴിഞ്ഞതിനാൽ കൂടുതല്‍ നഷ്ടങ്ങളും ദുരന്തങ്ങളും ഒഴിവാക്കി.
മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് സ്ഥാപനയുടമ സെല്വന് പറയുന്നത്. വൈദ്യുതി തകരാറല്ല തീപിടിത്തത്തിന് കാരണമെന്ന് പരിശോധന നടത്തിയ വൈദ്യുതി ജീവനക്കാര്‍ പറഞ്ഞതായും സെല്വന് പറഞ്ഞു. ഇതോടെ തീപിടിത്തത്തിന്റെ കാരണം ദുരൂഹമാകുകയാണ്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ പി.വി. ദയാല്‍, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍മാരായ പി.പി. ലിജു, പി.വി. ഷൈജു, എം. അര്ജുന്, ബി. കണ്ണന്, ഹോം ഗാര്‍ഡുമാരായ എം. രാജീവന്, കെ.എം. ഗോവിന്ദന് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
Tags : Fire at a sofa and cushion manufacturing unit NattuVishesham DistricteNews