മട്ടന്നൂർ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് നിർത്തിവച്ച വിമാന സർവീസ് ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നു. ഇന്ന് റിയാദിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സർവീസ് ആരംഭിക്കും.
അമ്പത് ദിവസത്തിനു ശേഷമാണ് സർവീസ് ആരംഭിക്കുന്നത്. നിലവിൽ ഷാർജ, ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്കാണ് സർവീസുള്ളത്. റിയാദ് കൂടി ആരംഭിക്കുന്നതോടെ വിദേശരാജ്യങ്ങളിലേക്കുള്ള സർവീസ് നാലാകും.
50 ദിവസങ്ങളായി വിദേശ രാജ്യങ്ങളിലേക്കുള്ള നൂറുകണക്കിനു സർവീസുകളാണ് മുടങ്ങിയത്. യുദ്ധത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 28ന് ഉച്ചമുതലാണ് കണ്ണൂരിൽ നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തിയത്.
കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങളാണ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നത്. അബുദാബി, ദുബായ്, ഷാർജ, റിയാദ്, മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയിരുന്നത്. പിന്നീട് മസ്കറ്റ്, ജിദ്ദ, ഷാർജ എന്നിവിടങ്ങിലേക്കുളള സർവീസ് ആരംഭിച്ചിരുന്നു. ഇതിനുശേഷം ഇന്നു മുതൽ റിയാദിലേക്കുള്ള സർവീസ് ആരംഭിക്കുകയാണ്.
ആഴ്ചയിൽ മൂന്ന് ദിവസമാണ് എയർ ഇന്ത്യ എക്സ്പ്രസ് റിയാദിലേക്ക് സർവീസ് നടത്തുന്നത്. ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് സർവീസുകൾ. മേയ് ഒന്നിന് ദുബായിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കാൻ ഷെഡ്യൂൾ തയാറായിട്ടുണ്ട്.
മേയ് പകുതിയോടെ അബുദാബി, ദോഹ, ഫുജൈറ തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വിമാന സർവീസുകൾ റദ്ദാക്കിയതോടെ യാത്രക്കാരും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. വിസ കാലാവധി കഴിഞ്ഞവരടക്കം പ്രയാസത്തിലായിരുന്നു. നിരവധി പേർ വിദേശ രാജ്യങ്ങളിലേക്ക് തിരികെ പോയി. ഇനിയും നിരവധി പ്രവാസികൾ വിദേശ രാജ്യങ്ങളിലേക്ക് പോകാനുണ്ട്. വിമാന സർവീസുകൾ മുടങ്ങിയതോടെ കണ്ണൂർ വിമാനത്താവളത്തിനും വിമാന കമ്പനികൾക്കും വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്.
വിദേശ രാജ്യങ്ങളിലേക്കുള്ള സർവീസുകളിലൂടെയാണ് വിമാനത്താവളങ്ങൾ കൂടുതൽ വരുമാനമുണ്ടാക്കുന്നത്.
Tags : nattu vishesham Flight services foreign countries