എടത്വ: കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും വെള്ളപ്പൊക്ക നിവാരണത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്കി പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഉണ്ടാകണമെന്ന് എസി കനാല്‍ സംരക്ഷണ സമിതി ചെയര്മാന് നൈനാന് തോമസ് മുളപ്പാംമഠം. എസി കനാലിലും, ഇടത്തോടുകളിലും അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും, മാലിന്യങ്ങളും നീക്കം ചെയ്യണം.
എസി റോഡിലും, വിവിധ ഇട റോഡുകളിലും വെള്ളം ഒഴുകിപ്പോവാന്‍ സ്ഥാപിച്ചിരിക്കുന്ന അടഞ്ഞ നിലയിലുള്ള തൂമ്പുകള്‍ തുറന്നുവിട്ടു നീരൊഴുക്ക് ക്രമപ്പെടുത്തണം. പുതുതായി നിര്‍മ്മിക്കുന്ന റോഡുകളിലും, ബണ്ടുകളിലും വെള്ളം ഒഴുകി പ്പോകുന്നതിന് ആവശ്യമായ വലിയ തൂമ്പുകള്‍ ഇടുകയും വേമ്പനാട്ടുകായലിലും, പമ്പ, മണിമല നദികളിലും അടിഞ്ഞുകൂടിയിരിക്കുന്ന എക്കല്‍ നീക്കം ചെയ്ത് ജലസംഭരണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുവാന്‍ കുട്ടനാട്ടിലെ മുഴുവന്‍ പഞ്ചായത്ത് ഭരണസമിതികളും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും എ സി കനാല്‍ സംരക്ഷണ സമിതി നടത്തിയ ജനകീയ ചര്‍ച്ചാ സമ്മേളനം ആവശ്യപ്പെട്ടു.
എസി കനാല്‍ തുറക്കുവാന്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചും, കനാല്‍ തുറക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും ഫെബ്രുവരി 14 ന് രാവിലെ 11 ന് മനക്കച്ചിറയില്‍ നിന്നും ഒന്നാം കരയിലേക്ക് കാല്‍നട ജാഥ നടത്തുവാനും തീരുമാനിച്ചു. എ.സി കനാല്‍ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ എ.സി. വിജയപ്പന് അധ്യക്ഷത വഹിച്ചു.
ജനകീയ ചര്‍ച്ചാ സമ്മേളനം ചെയര്മാന് നൈനാന് തോമസ് മുളപ്പാംമഠം ഉദ്ഘാടനം ചെയ്തു. ഷിബു കണ്ണമാലി, അലക്സാണ്ടര്‍ പുത്തന്‍പുര, കെ.ജെ. ജെയിംസ് കൊച്ചുകുന്നേല്‍, സൈനോ തോമസ്, മുട്ടാര്‍ സുരേന്ദ്രൻ, അപ്പച്ചന്‍കുട്ടി ആശാപറമ്പ്, തമ്പു ജോണ്‍ വിളനിലം, എ.കെ. സോമനാഥന്, തോമസ് വര്‍ക്കി വടുതല, സണ്ണിച്ചന് കക്കാട്ടുപറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Flood prevention plans