തൊടുപുഴ: മകന്റെ അപകടമരണം ഏല്‍പ്പിച്ച ആഘാതം താങ്ങാനാകാതെ അച്ഛനും ഹൃദയാഘാതത്തെ ത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങി. ഉടുമ്പന്നൂര്‍ അമയപ്ര നടുവിലേമഠത്തില് പുരുഷോത്തമ കൈമളാണ് (75) തിങ്കളാഴ്ച രാത്രി മരിച്ചത്.
പുരുഷോത്തമ കൈമളിന്റെ മകന് ഗോകുല്‍ കൃഷ്ണന് (32) കഴിഞ്ഞ 19ന് വാഴക്കുളം വേങ്ങച്ചുവട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. വീട്ടില്‍ തനിച്ചായിരുന്ന മാതാപിതാക്കളെ നോക്കുന്നതിനായി വിദേശത്തെ ജോലി ഉപേക്ഷിച്ചെത്തിയ ഗോകുല്‍ കൃഷ്ണന് വാഴക്കുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
മകന്റെ മരണത്തോടെ തകര്‍ന്ന നിലയിലായിരുന്നു പുരുഷോത്തമ കൈമള്‍. കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു.
സംസ്കാരം നടത്തി. ഭാര്യ ഷീല. വിഷ്ണുവാണ് മറ്റൊരു മകന്.
Tags :