തകർന്ന നടപ്പാലം
വിഴിഞ്ഞം: തിരുവനന്തപുരം കോർപ്പറേഷൻ വാർഡിൽ ഉൾപ്പെടുന്ന മുക്കോല മണലി മേഖലയിലെ തോടിനു കുറുകെയുള്ള നടപ്പാലം തകർന്നതോടെ ആയിരത്തോളം കുടുംബങ്ങൾ ദുരിതത്തിലായി.
നടപ്പാലത്തിന് അനുബന്ധമായ ബണ്ട് റോഡിന്റെ വീതികൂടി കുറഞ്ഞതോടെ പ്രദേശവാസികളുടെ യാത്ര കൂടുതൽ ദുഷ്കരമായി. വെങ്ങാനൂർ, കോട്ടുകാൽ മേഖലകളിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളാകട്ടെ, കേവലം രണ്ടടി വീതിയുള്ള ഇടുങ്ങിയ നടപ്പാലത്തിലൂടെ നടന്നുവേണം പ്രധാന റോഡിലെത്താൻ. കാൽ നൂറ്റാണ്ടോളം പഴക്കമുള്ള ഈ പാലത്തിലൂടെ മുമ്പ് ഓട്ടോറിക്ഷകൾക്കും ചെറിയ ചരക്കുവാഹനങ്ങൾക്കും കടന്നുപോകാൻ സാധിച്ചിരുന്നു. എന്നാൽ രണ്ട് വർഷം മുമ്പ് കൃഷിയിടത്തിലേക്ക് വളവുമായി എത്തിയ ചെറിയ ചരക്കുവാഹനം കടന്നുപോയതിന് പിന്നാലെ പാലത്തിന്റെ പകുതിയോളം തകർന്ന് തോട്ടിലേക്ക് പതിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
വിഴിഞ്ഞം–ബാലരാമപുരം–കോട്ടുകാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ് ഇത്തരത്തിൽ തകർന്നുതരിപ്പണമായത്.
Tags :