പ്രതീകാത്മക ചിത്രം
ആലപ്പുഴ: ലഹരിവാങ്ങാന്‍ ബൈക്കുകള്‍ മോഷ്ടിച്ച നാലു കുട്ടികള്‍ അറസ്റ്റില്‍. ആലപ്പുഴ നഗരത്തിൽ പ്രവർത്തിക്കുന്ന സുഗന്ധവ്യഞ്ജന കയറ്റുമതി സ്ഥാപനമായ വല്ലഭദാസ് കാഞ്ചിയിലെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ടു ബൈക്കുകള്‍ മോഷ്ടിച്ചു വിറ്റ കേസിലാണ് നാലംഗ കുട്ടി സംഘത്തെ നോര്‍ത്ത് സിഐ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ മായിത്തറയിലെ ജുവനൈല്‍ ജസ്റ്റീസ് ഹോമിലേക്കുമാറ്റി.
കഞ്ചാവുള്‍പ്പെടെയുള്ള ലഹരി ഉപയോഗത്തിനുള്ള പണം സന്പാദിക്കാനാണ് ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മയക്കുമരുന്നിനടിമായാക്കി, മോഷണമുള്‍പ്പെടെയുള്ള പ്രവര്‍ത്തികളിലേക്ക് തള്ളിവിടുന്ന വലിയ ക്രിമിനല്‍ സംഘം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തങ്ങള്‍ പിടിക്കപ്പെടില്ലെന്നതും കുട്ടികള്‍ക്ക് മൈനറായതിന്റെ ആനുകൂല്യം ലഭിക്കുമെന്നതിനാലുമാണ് ഇത്തരം സംഘങ്ങള്‍ കുട്ടികളെ മോഷണത്തിനും ലഹരി കടത്തിനും ഉപയോഗിക്കുന്നത്. കുട്ടികള്‍ക്ക് മയക്കുമരുന്നു നല്‍കിയശേഷം ബൈക്ക് കൈക്കലാക്കി വിറ്റ് വന്‍തുക തട്ടുന്നത് ഈ ക്രിമിനല്‍ സംഘമാണ്.
അറസ്റ്റിലായ കുട്ടികള്‍ ആലപ്പുഴ, പന്തളം സ്വദേശികളാണ്. ആലപ്പുഴ ബീച്ച് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് വല്ലഭദാസ് കാഞ്ചിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ ബൈക്കുകള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞ് ഇവിടെയെത്തി ബൈക്കുകളുടെ ലോക്ക് തകര്‍ത്ത് ഇഗ്നീഷന്‍ കട്ട് ചെയ്താണ് ഇവര്‍ മോഷ്ടിച്ചത്. ഇത് പന്തളത്തെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പൊളിച്ചു വിറ്റാണ് പണം സമ്പാദിക്കുന്നത്. ഇതിന് പ്രഫഷണല്‍ മോഷണസംഘങ്ങളുടെ ഉള്‍പ്പെടെ സഹായം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടോയെന്നാണ് പോലീസ് സംശയിക്കുന്നത്. കമ്പനിയിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
Tags : buy drugs Nattuvishesham District news