തൃശൂർ ജില്ലാ ജനറൽ ആശുപത്രി.
തൃശൂർ: മൂന്നാഴ്ചയിലേറെയായി ജില്ലാ ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ പ്രവർത്തനം നിലച്ചതു രോഗികളെ വലച്ചു. മുൻകൂട്ടി നിശ്ചയിച്ച നിരവധി ശസ്ത്രക്രിയകളാണ് ഇതോടെ മുടങ്ങിയത്.
സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണു ഓപ്പറേഷൻ തീയറ്റർ ആഴ്ചകളോളം അടച്ചിട്ടതെന്നു കോർപറേഷൻ പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണ് ആരോപിച്ചു. കോർപറേഷൻ ഭരണസമിതിയുടെ അറിവോടെയാണോ നടപടികളെന്നും ചോദിച്ചു. എന്നാൽ അണുബാധ നിയന്ത്രണ പരിശോധനയുടെ ഭാഗമായാണു തീയറ്റർ അടച്ചിട്ടതെന്നും അതോടൊപ്പം മറ്റുപണികൾകൂടി ചെയ്യുന്നതിനാലാണു തുറക്കാൻ വൈകുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. തീയറ്റർ ഉടൻ പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ പ്രതിഷേധപരിപാടികൾക്കു നേതൃത്വം കൊടുക്കുമെന്നു സിപിഎം ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാട പറഞ്ഞു.
എല്ലാമാസവും ആശുപത്രിയിലെ വിവിധ വകുപ്പുകളിൽ അണുബാധ നിയന്ത്രണപരിശോധന പതിവാണ്. ഇത്തവണ എസികൾ മാറ്റുക, കട്ട കെട്ടുക, പെയിന്റ് ചെയ്യുക തുടങ്ങിയവകൂടി നിർവഹിച്ചു. അതുകൊണ്ടാണു തീയറ്റർ ദിവസങ്ങളോളം അടച്ചിടേണ്ടിവന്നതെന്ന് ആർഎംഒ ഇൻചാർജ് ഡോ. ജി. പ്രശാന്ത് പറഞ്ഞു. പണികൾ അവസാനഘട്ടത്തിലാണ്. പെയിന്റിംഗ്കൂടി കഴിഞ്ഞശേഷം അണുബാധയില്ലെന്ന് ഉറപ്പുവരുത്തി അടുത്ത ആഴ്ചയിൽ തീയറ്റർ തുറക്കും. മുൻകൂട്ടി നിശ്ചയിക്കുന്ന ശസ്ത്രക്രിയകൾ ചെയ്യുന്ന തീയറ്ററിലാണു പണികൾ നടക്കുന്നത്. പ്രസവംപോലുള്ള അടിയന്തര ശസ്ത്രക്രിയകൾ നടക്കുന്ന തീയറ്റർ വേറെ കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്. അതിനു മുടക്കം വന്നിട്ടില്ല. മാറ്റിവയ്ക്കേണ്ടിവന്ന ശസ്ത്രക്രിയകൾ രോഗികൾക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും ഡോ. ജി. പ്രശാന്ത് വ്യക്തമാക്കി. അടുത്തയാഴ്ച ആശുപത്രിയിൽ പുതിയ ആർഎംഒ ചാർജെടുക്കുമെന്നും പറഞ്ഞു.
Tags : Operation Theatre Nattuvishesham District news