ചിറ്റാരിക്കാല്‍: ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ചിറ്റാരിക്കല്‍ ഉപജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഹൈസ്കൂളുകളിലും ജിയോലാബ് സജ്ജമായി. തയ്യേനി ജിഎച്ച്എസ്, പെരുമ്പട്ട ജിഎച്ച് എസ്എസ്, പരപ്പ ജിഎച്ച്എസ്എസ്, ബളാല്‍ ജിഎച്ച്എസ്എസ്, മാലോത്ത് കസബ ജിഎച്ച്എസ്എസ്, ചായ്യോത്ത് ജിഎച്ച്എസ്എസ്, കമ്പല്ലൂര്‍ ജിഎച്ച്എസ്എസ് എന്നീ വിദ്യാലയങ്ങളിലാണ് ജിയോലാബ് സൗകര്യം ഒരുക്കിയത്.
പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ആസ്പിരേഷന്‍ പദ്ധതിയില്‍ ബ്ലോക്ക് പരിധിയിലെ ഏഴു പഞ്ചായത്തുകളിലായി 10 സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് ജിയോ ലാബ് സൗകര്യമായത്. ഭൂമിശാസ്ത്ര പഠനം കൂടുതല്‍ അനുഭവാത്മകവും ദൃശ്യവത്കൃതവുമാക്കുന്നതിനായി രൂപകല്പന ചെയ്ത പദ്ധതിയാണ് ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബ്.
ഗാലക്സി തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഭൂപടങ്ങള്‍, ത്രിമാന മാതൃകകള്‍, ഇന്ററാക്ടീവ് ഡിസ്പ്ലേകള്‍, ഡിജിറ്റല്‍ സംപ്രേക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ഥകള്‍ക്ക് വിഷയത്തെ ആഴത്തില്‍ മനസിലാക്കാനും ആകര്‍ഷകമായ രീതിയില്‍ പഠിക്കാനും സഹായകമാകും. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ആസ്പിരേഷന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ മികച്ച പ്രവര്‍ത്തങ്ങള്‍ക്ക് നീതി ആയോഗ് അനുവദിച്ച 20 ലക്ഷം രൂപയും ഉപയോഗിച്ചു സമഗ്രശിക്ഷ കേരളം ചിറ്റാരിക്കല്‍ ബിആര്‍സിയാണ് ജിയോ ലാബുകള്‍ ഒരുക്കിയത്.
Tags : Geo Labs nattuvisesham local news.