നെടുമുടിയിലെ വരമ്പിനകം പാടശേഖരത്തിലെ നെൽച്ചെടികൾ വീണുകിടക്കുന്നു.
ചമ്പക്കുളം: ആലപ്പുഴ ജില്ലയിൽ ഇത്തവണത്തെ രണ്ടാം കൃഷി തുടങ്ങിയത് 8400 ഹെക്ടർ നിലത്തിലായിരുന്നു. കുട്ടനാട് താലൂക്കിലും അമ്പലപ്പുഴ താലൂക്ക് പരിധിയിലും വരുന്ന പാടശേഖരങ്ങളിലാണ് രണ്ടാം കൃഷി ചെയ്തിരുന്നത്.
ഓഗസ്റ്റ് മാസത്തിലെ വെള്ളപ്പൊക്കത്തിൽ 933 ഹെക്ടർ നിലത്തിലെ കൃഷി നശിച്ചുപോയിരുന്നു. ബാക്കിയുള്ള 7467 ഹെക്ടർ നിലത്തിലെ കൃഷിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി വിളവെടുപ്പ് ആരംഭിച്ചു. അടുത്ത ഒരു മാസത്തോടെ വിളവെടുപ്പ് പൂർത്തിയാകും.
വിളവെടുപ്പിന്റെ സമയത്ത് എത്തിയ തുലാമഴയിൽ പാകമായി വന്ന നെല്ല് നിലംപറ്റെ വീണിരിക്കുന്നതിനാൽ കർഷകർക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നത്. പല കർഷകർക്കും കൊയ്ത്ത് ചെലവ് കൂടുകയും വിളവ് കുറയുകയും ചെയ്യുന്നു.
കൃഷിയിടത്തിലെ വിളവ് 50 ശതമാനത്തിൽ അധികം നഷ്ടപ്പെട്ടാൽ മാത്രമേ നിലവിൽ കൃഷി വകുപ്പിൽ നിന്നും നഷ്ടപരിഹാരത്തിനുള്ള ശിപാർശ ഉണ്ടാകൂ.
മിക്ക പാടശേഖരങ്ങളിലും ഭാഗികമായുണ്ടാകുന്ന നഷ്ടത്തിന് പാടശേഖര സമിതികളോ കൃഷി വകുപ്പോ നഷ്ടപരിഹാരത്തിന് വേണ്ട നടപടികൾ സ്വീകരിക്കാത്തതിനാൽ നഷ്ടം സംഭവിക്കുന്ന കർഷകൻ അതിന്റെ ഭാരം പൂർണമായും സഹിക്കേണ്ടി വരുന്നു.
അധുനിക യന്ത്രസാമഗ്രികൾ ലഭ്യമായിരിക്കെ ഒരോ പാടശേഖരത്തിലും ഉണ്ടാകുന്ന ചെറുതും വലുതുമായ നഷ്ടങ്ങൾ കണ്ടെത്താനും അവയുടെ കണക്ക് എടുക്കാനും സൗകര്യം ഉണ്ടായിരിക്കെ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാത്തത് മനുഷ്യാവകാശ ലംഘനം തന്നെയാണ് എന്നാണ് കർഷകർ പറയുന്നത്.
ഒരു കൃഷിക്ക് വേണ്ട ചെലവ് മുഴുവൻ വന്നുകഴിഞ്ഞ് ഉണ്ടാകുന്ന നഷ്ടത്തിന്റെ തീവ്രത അതിന്റെ പൂർണ അർഥത്തിൽ ഉൾക്കൊണ്ട് കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഭാഗിക കൃഷിനാശത്തിനും നഷ്ടപരിഹാരം നല്കിയിരുന്നു.
എന്നാൽ ഉദ്യോഗസ്ഥരെ വിവരാവകാശ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് ചിലർ ഉപദ്രവിച്ച് തുടങ്ങിയതോടെയാണ് ഭാഗികമായ നഷ്ടപരിഹാര ശിപാർശകൾ ഇല്ലാതെ പോയത് എന്നാണ് ചില ഉദ്യോഗസ്ഥരും കർഷകരും പറയുന്നത്.
നഷ്ടം സഹിച്ചും കൃഷി ചെയ്യുന്ന കർഷകന് അർഹമായ നഷ്ടപരിഹാരം ലഭ്യമാകുന്നതിന് വേണ്ട സത്വര നടപടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.
Tags :