പാലക്കാട്: വർധിച്ചുവരുന്ന വന്യമൃഗശല്യത്തിനു വിദേശരാജ്യങ്ങളെ മാതൃകയാക്കി ശാശ്വതപരിഹാരം കാണണമെന്നു കത്തോലിക്ക കോണ്ഗ്രസ് ഒലവക്കോട് ഫൊറോന സമ്മേളനം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
പഴയ സർക്കാർ പരീക്ഷിച്ചു പരാജയപ്പെട്ട തൂക്കുവൈദ്യുതിവേലിയുൾപ്പെടെയുള്ള പരീക്ഷണങ്ങൾ വന്യജീവികൾ ജനവാസ മേഖലയിലിറങ്ങി മനുഷ്യന്റെ ജീവനെടുക്കുന്നതിൽനിന്നും കൃഷി നശിപ്പിക്കുന്നതും തടയുന്നതിൽ പരാജയമാണെന്നു ബോധ്യമായ സ്ഥിതിക്ക് അനിമൽ കള്ളിംഗ് ഉൾപ്പെടെ വിദേശരാജ്യങ്ങൾ ചെയ്യുന്ന ശാസ്ത്രീയമാർഗങ്ങൾ നമ്മുടെ നാട്ടിലും സ്വീകരിക്കാൻ വനംവകുപ്പ് തയാറാകണം.
ഇതിനാവശ്യമായ പഠനങ്ങൾ ഉടൻ ആരംഭിക്കണം. വന്യജീവി ആക്രമണത്തിൽ ശാരീരിക വൈകല്യം സംഭവിച്ച് കിടപ്പുരോഗികളായിത്തീർന്നവർക്കും വന്യജീവി ആക്രമണംമൂലം കൃഷി നശിച്ചവർക്കും വനംവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
പാലക്കാട് രൂപതയിൽ നടക്കുന്ന സമുദായ ശക്തീകരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഒലവക്കോട് ഫൊറോന വികാരി ഫാ. ജോണ് മൈലംവേലിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോണ്ഗ്രസ് ഒലവക്കോട് ഫൊറോന ഡയറക്ടർ ഫാ. ബിജു മുരിങ്ങക്കുടി, രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റ്യൻ, സെക്രട്ടറി കെ.എഫ്. ആന്റണി, ട്രഷറർ ജോസ് മുക്കട, അഡ്വ. ബെന്നി ജോബ്, അലക്സ് മലന്പുഴ, ആൻസി ജെയിംസ് എന്നിവർ പ്രസംഗിച്ചു.
ഒലവക്കോട് ഫൊറാന ഭാരവാഹികളായി അഡ്വ. ബെന്നി ജോബ്- പ്രസിഡന്റ്, ടോമി ഫ്രാൻസിസ്- സെക്രട്ടറി, സജി പാറേമ്മക്കൽ, വർഗീസ് പള്ളിതാനത്ത്, ആൻസി ജെയിംസ്- വൈസ് പ്രസിഡന്റുമാർ, മിജോയ് തെക്കേക്കര, കൊച്ചുത്രേസ്യ- ജോയിന്റ് സെക്രട്ടറിമാർ, മാത്യു എം.ജെ. മണ്ഡപത്തിക്കുന്നേൽ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Tags : Catholic Congress Nattuvishesham District News