വടക്കഞ്ചേരി: മാലിന്യശേഖരണത്തിനും വീട്ടുപണികൾക്കും രണ്ടു ദിവസത്തെ അവധിനൽകി, നാടിനെ വൃത്തിയാക്കുന്ന അമ്മമാർ വിമാനയാത്ര നടത്തി. കണ്ണമ്പ്ര പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളാണ് കാലങ്ങളായി ആഗ്രഹിച്ച മോഹം സഫലമാക്കിയത്.
ആദ്യമായാണ് എല്ലാവരും വിമാനയാത്ര നടത്തുന്നത്. അതിനാൽ എല്ലാവർക്കും ചെറിയ പേടിയുമുണ്ടായിരുന്നു. കേട്ടറിവുകൾക്കപ്പുറം ബോഡി ചെക്കപ്പും വിമാനത്തിൽ കയറലും സീറ്റുകൾ കണ്ടെത്തലും എയർഹോസ്റ്റസിന്റെ മുന്നറിയിപ്പുകളും പരിചരണവും വിമാനം പൊങ്ങുമ്പോഴുള്ള കുലുക്കവും അങ്ങനെ ഓരോന്നും മറക്കാനാവാത്ത ഓർമകളായെന്ന് അമ്മമാർ പറയുന്നു.
മക്കളോടും കൊച്ചുമക്കളോടുമൊക്കെ വളരെ അഭിമാനത്തോടെയാണ് വിമാനയാത്രയെക്കുറിച്ച് അമ്മമാർ വിവരിക്കുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ നോട്ടുബുക്കിലെ പേജ് കീറിയെടുത്ത് വിമാനം ഉണ്ടാക്കി പറത്തിയിരുന്നത് കാലങ്ങളേറെ താണ്ടി വന്നപ്പോൾ അതും നടത്താനായതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നായിരുന്നു അമ്മമാരുടെ കമന്റുകൾ. കോഴിക്കോട് കരിപ്പൂരിൽനിന്നു ബംഗളൂരുവിലേക്കാണ് ഇവർ വിമാനയാത്ര നടത്തിയത്. ബന്നാർഗട്ട മൃഗശാലയടക്കം സന്ദർശിച്ചായിരുന്നു മടക്കം.
കണ്ണമ്പ്ര പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നാരായണമൂർത്തി, വിഇഒമാരായ പ്രവീൺ, ജാക്സൺ, ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജുഷ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ രജനി എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര നടത്തിയത്. പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണവുമുണ്ടായിരുന്നു.
Tags : nattu vishesham Haritha Karma Sena Kannamba Panchayat