പ്രതീകാത്മക ചിത്രം
കുമരകം: ജില്ലയിൽ വിരിപ്പു കൃഷിയുടെ കൊയ്ത്തും സംഭരണവും തുടങ്ങി. കാണക്കാരി വെമ്പള്ളി പാടം, വെച്ചൂർ ഞാറക്കാതടം പാടം, കോലം പുറത്തുകരി എന്നീ പാടങ്ങളിലാണ് കൊയ്ത്തും സംഭരണവും തുടക്കത്തിൽ നടക്കുന്നത്. ഇക്കുറി 36 സ്വകാര്യ മില്ലുകളാണ് സപ്ലെകോയ്ക്കുവേണ്ടി നെല്ല് സംഭരിച്ച് സംസ്കരിച്ച് അരിയാക്കി നൽകാൻ സർക്കാരുമായി കരാറിലേർപ്പെട്ടിരിക്കുന്നത്.2026-27 സീസണിലെ ഓന്നാം വിളയായ വിരിപ്പ് കൃഷിയിൽനിന്ന് കോട്ടയം ജില്ലയിൽ പ്രതീക്ഷിക്കുന്ന വിളവ് 14,723 മെട്രിക് ടൺ ആണ്.
7,352 ഏക്കറിലായി 4261 കർഷകരാണ് നെല്ല് സംഭരണത്തിനായി ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുളളത്. നിലവിൽ 439.87 മെട്രിക് ടൺ നെല്ല് മൂന്നു പാടശേഖരങ്ങളിൽ നിന്നും സംഭരിക്കുന്നതിനായി മൂന്നു മില്ലുകളെ അലോട്ട് ചെയ്തിട്ടുണ്ട്. കൊയ്ത്തു കഴിഞ്ഞ രണ്ടു പാടശേഖരങ്ങളിലെ നെല്ലു പൂർണമായും സംഭരിച്ചതായും കൊയ്ത്ത് നടന്നുകൊണ്ടിരിക്കുന്ന കോലംപുറത്തുകരി പാടത്തെ നെല്ല് സംഭരിക്കാൻ മില്ല് അലോട്ട് ചെയ്തിട്ടുണ്ടെന്നും പാഡി മാർക്കറ്റിംഗ് ഓഫിസർ ദീപികയോടു പറഞ്ഞു.
കൊയ്ത്തു കഴിഞ്ഞ 53 മെട്രിക് ടൺ നെല്ലിന്റെ സംഭരണവും പൂർത്തീകരിച്ചു. ബാക്കി കൊയ്യുന്ന മുറയ്ക്ക് സംഭരിച്ചു തുടങ്ങും. ഈ സീസണിൽ 36 മില്ലുകൾ സംഭരണത്തിനായി ഉള്ളതിനാൽ വളരെ കാര്യക്ഷമമായ രീതിയിൽ സമയബന്ധിതമായി സംഭരണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് സംസ്ഥാനത്തെ പാഡി മാർക്കറ്റിംഗ് ഓഫീസർമാരുടെ പ്രതീക്ഷ.
Tags :