വീണാ ജോർജ്
പത്തനംതിട്ട: മുൻ സർക്കാറിന്റെ കാലത്ത് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്നാണോ നല്കിയതെന്ന സംശയമുണ്ടെന്ന് നിരുത്തരവാദപരമായി പ്രസ്താവന നടത്തിയ മന്ത്രി കെ. മുരളീധരൻ കേരള സമൂഹത്തോടും ആരോഗ്യപ്രവർത്തകരോടും മാപ്പുപറയണമെന്ന് മുൻ മന്ത്രി വീണാ ജോർജ്.
മന്ത്രി മുരളീധരന്റെ പ്രസ്താവന കേട്ടാൽ അന്ന് നിപ ബാധിച്ചു മരിച്ചവർക്കെല്ലാം കാലാവധി കഴിഞ്ഞ റെംഡെസിവർ മരുന്ന് കൊടുത്തെന്ന തോന്നലുണ്ടാകും. മരുന്ന് കൊടുത്ത അഞ്ചുപേരും രക്ഷപെട്ടു. അന്നു രോഗം ബാധിച്ചവർക്ക് ഏതെല്ലാം മരുന്നു നല്കി, എന്തൊക്കെ കാര്യങ്ങർ ചെയ്തു എന്നെല്ലാം കൃത്യമായി രേഖപ്പെടുത്തിയത് ആരോഗ്യവകുപ്പിന്റെ കൈയിലുണ്ട്. ഇതു മന്ത്രിക്കു കിട്ടുമെന്നിരിക്കേ അദ്ദേഹം കള്ളം പറയുന്നത് എന്തിനെന്നു വ്യക്തമല്ല. ഒരു എംഎൽഎ സബ്മിഷനായി ഉന്നയിച്ച ചോദ്യത്തിന് ആരോഗ്യവകുപ്പ് കൃത്യമായി മറുപടി തയാറാക്കി നൽകുന്നുണ്ട്. മന്ത്രിയെ ആരെങ്കിലും തെറ്റിധരിപ്പിച്ചതെങ്കിൽ ആരെന്നു വെളിപ്പെടുത്തണം. ആളിനെതിരേ നടപടിയെടുക്കണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.
2021-ലാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ റെംഡെസിവർ വാങ്ങിയത്. അന്ന് ലോകവിപണിയിൽ ഇതിന് എന്തുമാത്രം ക്ഷാമമുണ്ടായിരുന്നെന്ന് ഗൂഗിളിൽ പരിശോധിച്ചാൽ മതി.കിട്ടാവുന്ന കമ്പനികളിൽ നിന്നെല്ലാം വാങ്ങി. 2021 മേയ് ഏഴിനു വാങ്ങിയ മരുന്നിന് 2023 ജൂണ് വരെ കാലാവധിയുണ്ടായിരുന്നു. 2022 ജൂലൈയിൽ വാങ്ങിയതിന് 2025 സെപ്റ്റംബർ വരെയായിരുന്നു കാലാവധി. രണ്ടരവർഷം മുതൽ അഞ്ചു വർഷം വരെയാണ് ഉപയോഗ കാലാവധി.
നിപ രോഗികളെ മെഡിക്കൽ ബോർഡ്, എത്തിക്സ് കമ്മിറ്റി തുടങ്ങിയവയുടെ നേതൃത്വത്തിൽ സൂക്ഷ്മമായി നിരീക്ഷിച്ചാണ് എല്ലാം ചെയ്തത്. ഉറക്കമില്ലാതെ ജോലി ചെയ്ത ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെയും മന്ത്രി അപമാനിച്ചിരിക്കുകയാണെന്നും വീണാ ജോർജ് കുറ്റപ്പെടുത്തി.
Tags :