ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ മഴയെത്തുടർന്ന് മുങ്ങിയ മുടപ്പല്ലൂർ ടൗൺ.
വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയിൽ ഇന്നലെ വൈകീട്ട് അതിതീവ്രമഴ പെയ്തു. വൈകീട്ട് അഞ്ചരയ്ക്ക് തുടങ്ങിയ കനത്തമഴ രാത്രി ഏറെ വൈകീട്ടും തുടർന്നു.
പതിവുപോലെ മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാത കടന്നുപോകുന്ന മുടപ്പല്ലൂർ ടൗൺ പൂർണമായും മുങ്ങി. ഇരുപതിലേറെ കടകളിൽ വെള്ളംകയറി വലിയ നാശ നഷ്ടങ്ങളുണ്ടാക്കിയതായി വ്യാപാരി നേതാക്കൾ പറഞ്ഞു.
വെള്ളക്കെട്ട് ഒഴിവാക്കാൻ ഉയർത്തിയ റോഡിന് മുകളിലേക്കും ജലനിരപ്പ് വലിയ തോതിൽ ഉയർന്നു. നിരവധി വാഹനങ്ങളും അപകടത്തിൽപ്പെട്ടു. അനധികൃത നിർമാണ പ്രവൃത്തികൾ നടക്കുന്ന വടക്കഞ്ചേരി ടൗണിൽ ബസ് സ്റ്റാൻഡ് പരിസരത്തും ഇന്നലെ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി.
റോഡിലെ വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്ത വിധമാണ് ഇരുഭാഗത്തും കടകൾ നിറഞ്ഞിട്ടുള്ളത്. അനധികൃത നിർമാണങ്ങൾക്ക് കൂട്ടുനിൽക്കുന്ന അധികൃതർക്കെതിരെ പരാതിയും സമരങ്ങളുമായി ബിജെപി രംഗത്ത് വരുമെന്ന് മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. ഗുരു പറഞ്ഞു.
Tags :