നിർമാണം പാതിവഴിയിൽ നിലച്ച ഇളങ്ങമംഗലം ഗവ. എൽപി സ്കൂളിന്റെ പുതിയ കെട്ടിടം.
അടൂർ: പണി തുടങ്ങി എട്ടു വർഷമായിട്ടും എൽപി സ്കൂൾ കെട്ടിടം പണി പൂർത്തിയായില്ല. ഏനാത്ത് ഇളങ്ങമംഗലം ഗവ. എൽപി സ്കൂൾ കെട്ടിടംപണിയാണ് ഇഴഞ്ഞു നീങ്ങുന്നത്. 2018-ലാണ് പണി ആരംഭിച്ചത്. കൊറോണ കാലത്തും, പിന്നീട് പല കാരണങ്ങൾ കൊണ്ടും പണി മുടങ്ങിയിരുന്നു. ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസവും പണിയെ ബാധിച്ചതായി ബന്ധപ്പെട്ടവരിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. കിഫ്ബി ഫണ്ടിൽ നിന്ന് 92.20 ലക്ഷവും, എംഎൽഎ ഫണ്ടിൽ നിന്നുള്ള 25 ലക്ഷവും ചേർത്തുള്ള തുകയിലാണ് കെട്ടിടം പണിയുന്നത്.
നാല് ക്ലാസ് മുറികൾ, ഓഫീസ്, ശൗചാലയം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടമാണ് പണിയുന്നത്. എന്നാൽ ഇതുവരെയും പണി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. നിലവിൽ പഴയ കെട്ടിടത്തിലെ പരിമിതമായ സാഹചര്യങ്ങളിലാണ് സ്കൂളിന്റെ പ്രവർത്തനം. പണി വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പിടിഎ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല എന്നതാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പരാതി.
Tags : Nattuvishesham Local News Ilangamangalam School Building