പാലക്കാട്: ബംഗളൂരു- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽകണ്ട് വി.കെ. ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടു.
ഇക്കാര്യം റെയിൽവേ യാത്രക്കാരുടെ ദീർഘകാല ആവശ്യമാണെന്നും പലതവണ റെയിൽവേ മന്ത്രാലയത്തോടാവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതാണെന്നും എംപി സൂചിപ്പിച്ചു. പാലക്കാട്- തൃശൂർ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽനിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രക്കാർക്ക് ഇന്റർസിറ്റിക്ക് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിക്കുകയാണെങ്കിൽ വളരെയധികം പ്രയോജനം ചെയ്യും.
ബാംഗ്ലൂരിലെ ഐടി മേഖലയിലേക്ക് ജോലിക്കും പഠന ആവശ്യത്തിനുമായി ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണുള്ളത്. ഇവർ തൃശൂരോ പാലക്കാടോ വന്ന് ട്രെയിൻ കയറേണ്ട സ്ഥിതിയാണുള്ളത്. നേരത്തെ ഈ ആവശ്യം ഉന്നയിച്ചപ്പോൾ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളുടേയും മറ്റും അസൗകര്യമാണ് റെയിൽവേ ചൂണ്ടിക്കാണിച്ചിരുന്നത്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഒറ്റപ്പാലം സ്റ്റേഷന്റെ വികസനം പൂർത്തിയായി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഇന്റർസിറ്റിയുടെ സ്റ്റോപ്പ് കൂടെ പരിഗണിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
കൂടാതെ മറ്റു ദീർഘദൂര ട്രെയിനുകളുടെ സ്റ്റോപ്പ് കൂടി പരിഗണിക്കണമെന്നും സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി പൂർത്തീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മന്ത്രിക്ക് നൽകിയ കത്തിൽ എംപി ആവശ്യപ്പെട്ടു.