മുണ്ടക്കയം ഈസ്റ്റ്: കൊക്കയാർ പഞ്ചായത്തിലെ വടക്കേമല മേഖലയിൽ വ്യാപക മോഷണം. റബർ തോട്ടങ്ങളും പുരയിടങ്ങളും കേന്ദ്രീകരിച്ച് കിലോ കണക്കിന് ഒട്ടുപാലും ചണ്ടിയും കുടംപുളിയുമാണ് മോഷണം പോയത്.
വടക്കേമല തുണ്ടത്തിൽ ചാക്കോ വർക്കിയുടെ 25 കിലോ ഒട്ടുപാലും 13 കിലോ കുടംപുളിയും കഴിഞ്ഞദിവസം മോഷണം പോയി. കഴിഞ്ഞ ദിവസം തോട്ടം ഉടമ ചാക്കോ വർക്കി തന്റെ തോട്ടത്തിലെ സ്റ്റോർ റൂമിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അപ്പോൾ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തു. വടക്കേമല സ്വദേശി ഓലിക്കപ്പുരയിടത്തിൽ അഭിജിത് സുനിലിനെയാണ് അറസ്റ്റ് ചെയ്തത്.
കൂടാതെ വെട്ടിക്കൽ ബാബുവിന്റെ വീട്ടിൽ നിന്നു ഒട്ടുപാൽ മോഷണം പോയിരുന്നു. സ്വകാര്യ പുരയിടത്തിലെ ചന്ദന മരം മുറിച്ചു കടത്താനും ശ്രമം നടത്തി. വീട്ടമ്മയുടെ സ്വർണ മാല കവർന്നതടക്കം നിരവധി മോഷണമാണ് മേഖലയിൽ നടന്നിരിക്കുന്നത്.
മേഖലയിൽ ഉണ്ടാകുന്ന പ്രളയവുമായി ബന്ധപ്പെട്ട് വർഷങ്ങളായി പല തോട്ടങ്ങളിലും ആൾതാമസമില്ലായിരുന്നു. ഇത് മനസിലാക്കിയായിരുന്നു മോഷണം. സംഭവവുമായി ബന്ധപ്പെട്ട് കൂട്ടുപ്രതിയുള്ളതായും അയാൾക്കായി തെരച്ചിൽ വ്യാപകമാക്കിയതായും പോലീസ് അറിയിച്ചു.